പശ്ചിമേഷ്യൻതീരത്തെ ആക്രമണങ്ങളിൽ 3 ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു; കപ്പലുകൾക്ക് സുരക്ഷാ മാർഗരേഖയിറക്കി ഷിപ്പിങ് മന്ത്രാലയം

അമേരിക്ക – ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ പശ്ചിമേഷ്യൻതീരത്ത് മൂന്ന് മേഖലകളിലായുണ്ടായ നാല് ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻനാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര കപ്പൽഗതാഗത മന്ത്രാലയം. ഒരു നാവികന് പരിക്കുണ്ട്. എല്ലാവരും വിദേശകപ്പലുകളിലുള്ളവരാണ്. പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. കപ്പലുകളിലുണ്ടായിരുന്ന മറ്റുള്ളവർ സുരക്ഷിതരാണ്. അപകടത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങൾക്കാവശ്യമായ എല്ലാ സഹായവും നൽകുമെന്നും ഡയറക്ടറേറ്റ് നിർദേശിച്ചു.

പശ്ചിമേഷ്യയിലെ പ്രധാന സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന നാവികർക്ക് സുരക്ഷാമാർഗരേഖ പുറത്തിറക്കിയതായി ഷിപ്പിങ് ഡയറക്ടർ ജനറൽ അറിയിച്ചു. യാത്രാവേളയിൽ ജാഗ്രത പുലർത്തണം. അപകടസാധ്യതകൾ വിലയിരുത്തി മതിയായ സുരക്ഷാമുൻകരുതലുകളെടുക്കണം. സുരക്ഷാ ഏജൻസികളുമായി ആശയവിനിമയം ഉറപ്പാക്കണം. ഏതെങ്കിലും സംശയാസ്പദമായ സാഹചര്യമുണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണം. സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമേ അപകടമേഖലകളിലേക്ക് സഞ്ചരിക്കാവൂ. ജീവനക്കാരെ നിയോഗിക്കുമ്പോൾ ഷിപ്പിങ് കമ്പനികൾ ജാഗ്രത പുലർത്തണമെന്നും നാവികർക്ക് നിർദേശം നൽകി.

അതേസമയം, ഇറാനിൽ കഴിയുന്ന ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും പരമാവധി വീടുകൾക്കുള്ളിൽ കഴിയണമെന്നും ഇറാനിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം നിർദേശിച്ചു. അനാവശ്യയാത്രകൾ ഒഴിവാക്കണം. വാർത്തകൾ നിരീക്ഷിക്കണം. എംബസിയിൽനിന്നുള്ള നിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ സ്ഥാനപതികാര്യാലയം നിർദേശിച്ചു. സംഘർഷത്തെ തുടർന്ന് ടെഹ്റാനിൽനിന്ന് ഇന്ത്യൻവിദ്യാർഥികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചെന്ന് ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. പലരെയും ഖോമിലേക്കാണ് എത്തിച്ചത്. ഇവരുടെ യാത്ര, ഭക്ഷണം, താമസം എന്നിവയ്ക്ക് സൗകര്യമൊരുക്കി. എന്നാൽ, ടെഹ്റാനിൽനിന്ന് മാറാൻ താത്പര്യമില്ലാത്ത വിദ്യാർഥികൾ അവിടെത്തന്നെ തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

3 Indian sailors killed in attacks off the West Asian coast; Shipping Ministry issues safety guidelines for ships

More Stories from this section

family-dental
witywide