ഇറാനിലെ കലാപത്തിൽ 35 പേർ കൊല്ലപ്പെട്ടു; അമേരിക്ക ഇടപെടൽ സാധ്യത, ഖമനേയി റഷ്യയിലേക്ക് രക്ഷപ്പെടാൻ പദ്ധതിയെന്ന് റിപ്പോർട്ടുകൾ

ഇറാനിൽ തുടരുന്ന ഏറ്റവും പുതിയ സാമ്പത്തിക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ കുറഞ്ഞത് 35 പേർ കൊല്ലപ്പെട്ടതായി അമേരിക്ക ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്റ്റിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധങ്ങൾ അവസാനിക്കുമെന്ന സൂചനകളൊന്നും ഇതുവരെ കാണുന്നില്ലെന്നും ഒരു ആഴ്ചക്കുമേറെയായി തുടരുന്ന പ്രതിഷേധങ്ങളിൽ 1,200ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ 29 പ്രതിഷേധക്കാരും നാല് കുട്ടികളും ഇറാൻ സുരക്ഷാസേനയിലെ രണ്ട് അംഗങ്ങളും ഉൾപ്പെടുന്നു.

ഇറാനിലെ 31 പ്രവിശ്യകളിൽ 27 പ്രവിശ്യകളിലായി 250ലധികം ഇടങ്ങളിലേക്ക് പ്രതിഷേധങ്ങൾ വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. തലസ്ഥാനമായ ടെഹ്റാന്റെ കിഴക്ക് -പടിഞ്ഞാറ് – തെക്ക് ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ നടന്നതായി അൽ ജസീറ ഉദ്ധരിച്ച് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇറാനിലെ സ്ഥിതി കൂടുതൽ രൂക്ഷമായാൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി റഷ്യയിലേക്ക് രക്ഷപ്പെടാൻ ബാക്ക്-അപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

ദി ടൈംസിനോട് ഒരു ഇന്റലിജൻസ് സ്രോതസ്സ് പറഞ്ഞതനുസരിച്ച്, 86 വയസുള്ള ഖമനേയി, സൈന്യവും സുരക്ഷാസേനയും കലാപം അടിച്ചമർത്തുന്നതിൽ പരാജയപ്പെടുകയോ ഉത്തരവുകൾ അനുസരിക്കാതിരിക്കുകയോ ചെയ്താൽ, 20ഓളം അടുത്ത അനുയായികളും കുടുംബാംഗങ്ങളുമൊത്ത് ടെഹ്റാനിൽ നിന്ന് രക്ഷപ്പെടാനാണ് പദ്ധതി. ഖമനെയിയും അദ്ദേഹത്തിന്റെ അടുത്ത വൃത്തവും, മകൻ കൂടിയായ നിശ്ചിത പിന്‍ഗാമി മൊജ്തബ ഉൾപ്പെടെ രക്ഷപ്പെടാനുള്ളതാണ് ‘പ്ലാൻ-ബി’, എന്നാണ് സ്രോതസ്സുകൾ പറയുന്നത്. എന്നാൽ കലാപകാരെ അവരുടെ സ്ഥാനത്ത് നിർത്തണം എന്നാണ് ജനുവരി 4ന് ഖമനെയി പറഞ്ഞത്.

പ്രതിഷേധക്കാരോട് സംസാരിക്കണം, ഉദ്യോഗസ്ഥർ അവരോട് സംസാരിക്കണം. പക്ഷേ കലാപകാരുമായി സംസാരിച്ചിട്ട് കാര്യമില്ല. അവരെ നിയന്ത്രിക്കണമെന്ന് ഖമനെയി പറഞ്ഞുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, മരണസംഖ്യ ഉയരുന്നത് അമേരിക്കൻ ഇടപെടൽ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധക്കാരെ ടെഹ്റാൻ ക്രൂരമായി കൊല്ലുന്നുവെങ്കിൽ അമേരിക്ക അവരെ രക്ഷിക്കാൻ ഇടപെടുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി.

ട്രംപ് എങ്ങനെ ഇടപെടുമെന്നത് വ്യക്തമല്ലെങ്കിലും, അദ്ദേഹത്തിന്റെ പരാമർശങ്ങൾ ശക്തമായ പ്രതികരണമാണ് ഉണ്ടാക്കിയത്. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികരെ ലക്ഷ്യമിടുമെന്ന് ഇറാനിലെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി എപി റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സൈന്യം ശനിയാഴ്ച വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതിന് പിന്നാലെ, ട്രംപിന്റെ വാക്കുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു. മഡൂറോ ഇറാന്റെ ദീർഘകാല സഖ്യകക്ഷിയാണ്.

ഇറാന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയാണ് പുതിയ പ്രതിഷേധങ്ങൾക്ക് കാരണം. പ്രതിഷേധക്കാർ രാജ്യത്തെ മതാധിഷ്ഠിത ഭരണത്തിനെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കുകയാണ്. ഡിസംബർ 28നാണ് ആദ്യം പ്രതിഷേധം തുടങ്ങിയത്. സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വ്യാപാരികൾ കടകൾ അടച്ച് പണിമുടക്കിയതോടെയാണ് പ്രക്ഷോഭം ആരംഭിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇത് രാഷ്ട്രീയ ആവശ്യങ്ങളിലേക്കും വ്യാപിച്ചു. കുത്തനെ ഉയർന്ന വിലക്കയറ്റവും അമേരിക്കൻ ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ മൂല്യം ഏകദേശം 80 ശതമാനം ഇടിഞ്ഞതുമാണ് ജനങ്ങളുടെ രോഷത്തിന് കാരണമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ഇറാന്റെ സമ്പദ്‌വ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലാണ്. വാർഷിക വിലക്കയറ്റം ഏകദേശം 42 ശതമാനമാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 70 ശതമാനം കടന്നിട്ടുണ്ട്. ചില അവശ്യസാധനങ്ങളുടെ വില 110 ശതമാനത്തിലധികം ഉയർന്നതായും റിപ്പോർട്ടുണ്ട്. ഇസ്രയേലുമായുള്ള ജൂൺ മാസത്തിലെ യുദ്ധത്തിനും അതിനിടെ അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങൾ ബോംബ് ചെയ്തതിനും ശേഷം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ടെഹ്റാനിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ ഇറാൻ അടുത്തിടെ രാജ്യത്ത് എവിടെയും യൂറേനിയം സമ്പുഷ്ടീകരണം നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ചു.

ഉപരോധങ്ങൾ കുറയ്ക്കാൻ ആണവ പരിപാടിയെക്കുറിച്ചുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന സന്ദേശം പാശ്ചാത്യരാജ്യങ്ങൾക്ക് നൽകാനായിരുന്നു ഇത്. എന്നാൽ പ്രസിഡന്റ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആണവ പദ്ധതി വീണ്ടും ആരംഭിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതോടെ ചർച്ചകൾ നടന്നിട്ടില്ല. ഇറാനിലെ സർക്കാർ മാധ്യമങ്ങൾ പ്രതിഷേധങ്ങളെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളാണ് നൽകുന്നത്. സോഷ്യൽ മീഡിയയിൽ പുറത്തുവരുന്ന വീഡിയോകളിൽ തെരുവുകളിലെ ആളുകളെയും വെടിവെപ്പിന്റെ ശബ്ദങ്ങളെയും മാത്രമാണ് കാണാൻ കഴിയുന്നത്.

2022ൽ പോലീസ് കസ്റ്റഡിയിൽ 22 വയസുള്ള മഹ്സ അമിനി മരിച്ചതിനെ തുടർന്ന് നടന്ന പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധങ്ങളാണ് ഇറാനിൽ ഇപ്പോഴുള്ളത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇറാൻ പലവട്ടം രാജ്യവ്യാപക പ്രതിഷേധങ്ങൾ നേരിട്ടിട്ടുണ്ട്. ഉപരോധങ്ങൾ ശക്തമായതും ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിന് പിന്നാലെ സമ്പദ്‌വ്യവസ്ഥ തകർന്നതും മൂലം, ഡിസംബറിൽ റിയാലിന്റെ മൂല്യം ഒരു ഡോളറിന് 14 ലക്ഷം റിയാൽ എന്ന നിലയിലേക്ക് ഇടിഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ തുടക്കം.

35 killed in Iran riots; Reports that Khamenei is planning to escape to Russia, with possible US intervention