
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായും സുഗമമായും നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ അറിയിച്ചു. വോട്ടെടുപ്പ് ദിനത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആകെ 76,203 പൊലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിൽ 28,209 സ്പെഷ്യൽ പൊലീസ് ഓഫീസർമാരും ഉൾപ്പെടുന്നു. സുരക്ഷ ശക്തമാക്കുന്നതിനായി 140 കമ്പനി കേന്ദ്രസേനയെയും, തമിഴ്‌നാട് പൊലീസിൽ നിന്നുള്ള 20 കമ്പനി ഉദ്യോഗസ്ഥരെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 30,471 പോളിംഗ് ബൂത്തുകളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. ഇതിൽ പ്രശ്നബാധിതമെന്ന് കണ്ടെത്തിയ ഏകദേശം 2,500 ബൂത്തുകളിൽ അതീവ സുരക്ഷ ഉറപ്പാക്കും. സംസ്ഥാനത്തെ 154 തിരഞ്ഞെടുപ്പ് സബ് ഡിവിഷനുകളായി തിരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും സുരക്ഷാ പ്രവർത്തനങ്ങൾ.
ഇന്ന് വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കുന്നതോടെ വോട്ടെടുപ്പ് വരെയുള്ള 48 മണിക്കൂർ സമയം കർശന നിരീക്ഷണത്തിലായിരിക്കുമെന്നും, ക്രമസമാധാന ലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
76,000 policemen to guard the polls, the state under heavy security, 2,500 booths affected













