
വാഷിംഗ്ടൺ: അമേരിക്കയിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിടുന്ന അതീവ അപകടകാരികളായ കുറ്റവാളികളുടെ പട്ടികയിലാണ് 89 ഇന്ത്യൻ വംശജർ ഇടംപിടിച്ചു. 2025 ഡിസംബർ 8-ന് ലോഞ്ച് ചെയ്ത WOW.DHS.GOV എന്ന വെബ്‌സൈറ്റിലൂടെയാണ് ഈ വിവരങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ഈ പട്ടികയിലുള്ള 89 ഇന്ത്യക്കാരിൽ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പുകൾ, അക്രമങ്ങൾ എന്നിവയിലാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
ലാർസെനി, നികുതി തട്ടിപ്പ്, വയർ ഫ്രോഡ് തുടങ്ങിയ സാമ്പത്തിക കുറ്റങ്ങൾ ചെയ്തവരാണ് 22 പേർ. മർദ്ദനം, മോഷണം തുടങ്ങിയ അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവരാണ് 21 പേർ. 17 പേർ ലൈംഗിക അതിക്രമങ്ങൾ നടത്തിയവരാണ്. ലഹരിക്കടത്ത്, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗാർഹിക പീഡനം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു. ഫെബ്രുവരി 5-ലെ കണക്കനുസരിച്ച്, ഈ വെബ്‌സൈറ്റിൽ ആകെ 25,000 കുറ്റവാളികളുടെ വിവരങ്ങളുണ്ട്. ഇതിൽ 5,000 പേരെ കഴിഞ്ഞ ദിവസമാണ് പുതുതായി ചേർത്തത്.
അമേരിക്കൻ സമൂഹത്തിന് ഭീഷണിയായ “രാക്ഷസന്മാരെ” പുറത്താക്കുന്നതിൽ ഭരണകൂടം എത്രത്തോളം സുതാര്യത പുലർത്തുന്നു എന്ന് കാണിക്കാനാണ് ഈ വെബ്‌സൈറ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡിഎച്ച്എസ് വക്താവ് തൃഷ മക്ലാഫ്ലിൻ പറഞ്ഞു. ഈ പട്ടികയ്ക്കെതിരെ വലിയ രീതിയിലുള്ള മനുഷ്യാവകാശ വിമർശനങ്ങളും ഉയരുന്നുണ്ട്. കുറ്റവാളികളുടെ ചിത്രങ്ങൾ സഹിതം ഇത്തരം പട്ടികകൾ പരസ്യപ്പെടുത്തുന്നത് വംശീയമായ മുൻവിധികളിലേക്ക് നയിക്കുമെന്നും, വെളുത്ത വർഗ്ഗക്കാരല്ലാത്തവരെ മാത്രം ലക്ഷ്യം വയ്ക്കുന്ന രീതിയാണിതെന്നും സിവിൽ റൈറ്റ്സ് ഗ്രൂപ്പുകൾ ആരോപിക്കുന്നു.













