കടൽ വഴിയുള്ള മയക്കുമരുന്ന് കടത്തിന്റെ 97 % തടഞ്ഞു, ഇനി കരയിൽ ആക്രമണം; മെക്സിക്കോയിൽ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ : ഒരു മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകിയതായി ആരോപിച്ച് വെനസ്വേലയുടെ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ, അയൽക്കാരനായ മെക്സിക്കോയിലും സമാനമായ സൈനിക നടപടിയുണ്ടാകുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്.

കടൽ വഴിയുള്ള മയക്കുമരുന്ന് കടത്തിന്റെ 97 ശതമാനവും തടഞ്ഞുവെന്നും, ഇനി കരയിലുള്ള കാർട്ടലുകളെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിക്കുമെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. “കാർട്ടലുകളെ സംബന്ധിച്ചിടത്തോളം നമ്മൾ ഇപ്പോൾ കരയിൽ ആക്രമണം ആരംഭിക്കാൻ പോകുകയാണ്” എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. മെക്സിക്കോ ഭരിക്കുന്നത് കാർട്ടലുകളാണെന്നും ആ രാജ്യത്ത് സംഭവിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. കാർട്ടലുകൾ കടത്തുന്ന മയക്കുമരുന്ന് കാരണം അമേരിക്കയിൽ ഓരോ വർഷവും രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ആളുകൾ കൊല്ലപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സെപ്റ്റംബർ മുതൽ, ട്രംപ് ഭരണകൂടം കരീബിയനിലും പസഫിക്കിലും മയക്കുമരുന്ന് കടത്തുന്നതായി ആരോപിക്കപ്പെടുന്ന ബോട്ടുകളിൽ നടത്തിയ 30 ലധികം ആക്രമണങ്ങളിലായി കുറഞ്ഞത് 115 പേരെ കൊന്നിട്ടുണ്ട്. പസഫിക് സമുദ്രം മുതൽ മെക്സിക്കോ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന ഏകദേശം 3,145 കിലോമീറ്റർ അതിർത്തി യുഎസും മെക്സിക്കോയും പങ്കിടുന്നു. അതിർത്തി കടന്ന് മയക്കുമരുന്ന് കടത്തുന്ന കാർട്ടലുകളെ തടയുന്നതിൽ മെക്സിക്കോയിലെ ഭരണകൂടം പരാജയപ്പെട്ടുവെന്ന് യുഎസ് സർക്കാരുകൾ വളരെക്കാലമായി ആരോപിച്ചിരുന്നു.

തൻ്റെ മൂന്ന് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും, മെക്സിക്കോയിൽ നിന്ന് യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെയും മയക്കുമരുന്നുകളുടെയും ഒഴുക്ക് തടയുമെന്നത് ട്രംപിൻ്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഫെബ്രുവരിയിൽ, സിനലോവ കാർട്ടൽ, കാർട്ടൽ ഡി ജാലിസ്കോ ന്യൂവ ജനറേഷ്യൻ, കാർട്ടൽ ഡെൽ നോറെസ്റ്റെ, ലാ ന്യൂവ ഫാമിലിയ മൈക്കോക്കാന, കാർട്ടൽ ഡെൽ ഗോൾഫോ, കാർട്ടൽസ് യൂണിഡോസ് എന്നിവയുൾപ്പെടെ നിരവധി പ്രധാന മെക്സിക്കൻ ക്രിമിനൽ സംഘടനകളെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വിദേശ ഭീകര സംഘടനകളായും ആഗോള ഭീകരരായും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏതൊരു ഏകപക്ഷീയ സൈനിക നീക്കവും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം പ്രതികരിച്ചു. ഈ വിഷയത്തിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്താൻ അവർ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു സൈനിക നടപടി അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളിയായ മെക്സിക്കോയുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റുകൾ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

97% of drug trafficking by sea has been stopped, now land attacks; Trump warns of military action in Mexico

More Stories from this section

family-dental
witywide