98-ാമത് ഓസ്കർ: സഹനടനായി ഷോൺ പെൻ, സഹനടിയായി എയ്മി മാഡിഗൻ, സാങ്കേതിക മികവിൽ രണ്ട് പുരസ്കാരങ്ങളുമായി ‘ഫ്രാങ്കെൻസ്റ്റൈൻ

ലോസ് ഏഞ്ചൽസ്: ലോകസിനിമയിലെ ഏറ്റവും വലിയ പുരസ്കാരമായ 98-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപനം ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ പുരോഗമിക്കുകയാണ്. പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ മികച്ച സഹനടനുള്ള പുരസ്കാരം ഷോൺ പെൻ സ്വന്തമാക്കി. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ (One Battle After Another) എന്ന ചിത്രത്തിലെ പ്രകടനമാണ് ഷോൺ പെന്നിനെ മൂന്നാം തവണയും ഓസ്കർ നേട്ടത്തിന് അർഹനാക്കിയത്. എന്നാൽ പുരസ്കാരം സ്വീകരിക്കാൻ താരം എത്തിയില്ല. ഇത്തവണത്തെ ഗോൾഡന്‍ ഗ്ലോബ്‍ അവാർഡിൽ നിന്നും ഷോൺ പെൻ വിട്ടുനിന്നിരുന്നു

മികച്ച സഹനടിക്കുള്ള പുരസ്കാരം മുതിർന്ന താരം എയ്മി മാഡിഗൻ കരസ്ഥമാക്കി. ‘വെപ്പൺസ്’ (Weapons) എന്ന ഹൊറർ ചിത്രത്തിലെ അഭിനയത്തിനാണ് ഈ അംഗീകാരം. ഏകദേശം 40 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്കർ വേദിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ എയ്മി മാഡിഗൻ്റെ നേട്ടം ഹർഷാരവത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്.

ഗില്ലെർമോ ഡെൽ ടോറോയുടെ ദൃശ്യവിസ്മയം ‘ഫ്രാങ്കെൻസ്റ്റൈൻ’ (Frankenstein) സാങ്കേതിക വിഭാഗങ്ങളിൽ ഇരട്ടനേട്ടം കൊയ്തു. മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിംഗ്, മികച്ച കോസ്റ്റ്യൂം ഡിസൈൻ എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാരങ്ങൾ നേടിയത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ തന്മയത്വമുള്ള രൂപഭംഗിയും വേഷവിധാനവുമാണ് അക്കാദമിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയത്.
കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങൾ തമ്മിലുള്ള കടുത്ത മത്സരത്തിനൊടുവിലാണ് ഈ വർഷത്തെ വിജയികളെ തിരഞ്ഞെടുത്തത്.

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഉറ്റുനോക്കിയ പുരസ്കാര നിശ ഇന്ത്യയിൽ പുലർച്ചെ 4.30-ന് റെഡ് കാർപെറ്റ് ചടങ്ങുകളോടെ സംപ്രേക്ഷണം ആരംഭിച്ചു. തുടർന്ന് പുരസ്കാര വിതരണവും നടക്കുന്നു. പ്രശസ്ത ലേറ്റ് നൈറ്റ് ഷോ അവതാരകൻ കോനൻ ഒബ്രിയൻ ആണ് ഇത്തവണത്തെയും ഓസ്കാർ വേദി നിയന്ത്രിക്കുന്നത്. ഇന്ത്യൻ താരം പ്രിയങ്ക ചോപ്ര ഇത്തവണ പുരസ്കാര വേദിയിൽ പ്രസന്ററായി എത്തുന്നു എന്നത് ശ്രദ്ധേയമാണ്.

‘ബ്ലാക്ക് പാന്തർ’ സംവിധായകൻ റയാൻ കൂഗ്ലർ ഒരുക്കിയ ‘സിന്നേഴ്സ്’ എന്ന ചിത്രമാണ് 16 നാമനിർദ്ദേശങ്ങളുമായി ഇത്തവണ മുന്നിലുള്ളത്. മികച്ച ചിത്രം, സംവിധായകൻ, നടൻ ഉൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളിൽ ഈ ചിത്രം മത്സരിക്കുന്നു.

ചരിത്രത്തിലാദ്യമായി ‘മികച്ച കാസ്റ്റിംഗ്’ അവാർഡ്:
ഓസ്കാർ ചരിത്രത്തിൽ ഇത്തവണ പുതുതായി ഉൾപ്പെടുത്തിയ ‘മികച്ച കാസ്റ്റിംഗ്’ വിഭാഗത്തിലെ ആദ്യ പുരസ്കാരം കസാൻഡ്ര കുലുകുണ്ടിസ് സ്വന്തമാക്കി. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുത്ത മികവിനാണ് ഈ അംഗീകാരം.

മറ്റ് പുരസ്കാരങ്ങൾ:
മികച്ച അനിമേഷൻ ഹ്രസ്വചിത്രമായി ‘ദ ഗേൾ ഹൂ ക്രൈഡ് പേൾസ്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ലൈവ് ആക്ഷൻ ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ സിംഗേഴ്സ്’, ‘ടു പീപ്പിൾ എക്സ്ചേഞ്ചിംഗ് സലൈവ’ എന്നീ ചിത്രങ്ങൾ പുരസ്കാരം പങ്കിട്ടു. മികച്ച ആനിമേറ്റഡ് ചിത്രം കൊറിയൻ സിനിമയായ കെപോപ്പ് ഡീമൻ ഹണ്ടേഴ്സ് സ്വന്തമാക്കി.

മികച്ച ചിത്രം, മികച്ച നടൻ, നടി തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെ ഫലങ്ങൾക്കായി ലോകം ഉറ്റുനോക്കുകയാണ്. പ്രഖ്യാപനങ്ങൾ തുടരുന്നു.

പ്രധാന നാമനിർദ്ദേശങ്ങൾ:
മികച്ച ചിത്രം: സിന്നേഴ്സ്, സെന്റിമെന്റൽ വാല്യൂ, ദ സീക്രട്ട് ഏജന്റ്, വൺ ബാറ്റിൽ ആഫ്റ്റർ അനദർ, മാർട്ടി സുപ്രീം, ഹാംനെറ്റ്, ഫ്രാങ്കെൻസ്റ്റൈൻ, F1: ദ മൂവി, ബുഗോണിയ, ട്രെയിൻ ഡ്രീംസ്.
മികച്ച നടൻ: മൈക്കൽ ബി ജോർദാൻ (സിന്നേഴ്സ്), തിമോത്തി ചാലമെറ്റ് (മാർട്ടി സുപ്രീം), ലിയോനാർഡോ ഡികാപ്രിയോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ), ഈതൻ ഹോക്ക് (ബ്ലൂ മൂൺ), വാഗ്നർ മൗറ (ദ സീക്രട്ട് ഏജന്റ്).
മികച്ച നടി: ജെസ്സി ബക്ലി (ഹാംനെറ്റ്), എമ്മ സ്റ്റോൺ (ബുഗോണിയ), റെനേറ്റ് റെയിൻസ്‌വെ (സെന്റിമെന്റൽ വാല്യൂ), കേറ്റ് ഹഡ്‌സൺ (സോങ് സംഗ് ബ്ലൂ), റോസ് ബൈൺ (ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു).

98th Oscars: Sean Penn for Supporting Actor, Amy Madigan for Supporting Actress, ‘Frankenstein’ wins two awards for Technical Excellence

More Stories from this section

family-dental
witywide