‘തീരുവ വിധി അങ്ങേയറ്റം നിരാശാജനകവും രാജ്യത്തോടുള്ള അപമാനവും’; സുപ്രീം കോടതിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്, പകരം തീരുവ ഉടനെന്നും പ്രസിഡന്റ്

ഇറക്കുമതി തീരുവകൾ റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി വിധി അങ്ങേയറ്റം നിരാശാജനകവും രാജ്യത്തോടുള്ള അപമാനവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഭരണഘടനാപരമായ തന്റെ അധികാരാവകാശങ്ങളെ കോടതി തടഞ്ഞുവെന്ന് ആരോപിച്ച ട്രംപ്, ബദൽ നിയമങ്ങൾ ഉപയോഗിച്ച് തീരുവകൾ ഉടൻ പുനഃസ്ഥാപിക്കുമെന്നും വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

കോടതി വിധിക്ക് പിന്നാലെ 10 ശതമാനം ആഗോള അടിസ്ഥാന തീരുവ (Global Baseline Tariff) അദ്ദേഹം പുതുതായി പ്രഖ്യാപിച്ചു. 1974-ലെ ട്രേഡ് ആക്ട് (സെക്ഷൻ 122) പ്രകാരം ചുമത്തുന്ന ഈ തീരുവയ്ക്ക് അഞ്ചുമാസം (150 ദിവസം) കാലാവധിയുണ്ടാകും. തന്റെ വ്യാപാര നയങ്ങൾ തടയാൻ ആർക്കും കഴിയില്ലെന്നും കൂടുതൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിധി വന്നതോടെ പല രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

വിധി പുറപ്പെടുവിച്ച ജഡ്ജിമാർക്കെതിരെ അസാധാരണമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ജഡ്ജിമാർ രാഷ്ട്രീയ കളിപ്പാവകളാണെന്നും ദേശസ്‌നേഹമില്ലാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചില വിദേശ താല്പര്യങ്ങൾ ജഡ്ജിമാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. എന്നാൽ താൻ നിയമിച്ച ജസ്റ്റിസുമാരായ തോമസ്, അലിറ്റോ, കവനോഗ് എന്നിവരെ അവരുടെ നിലപാടുകളിൽ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. തീരുവകൾ ചുമത്താൻ പ്രസിഡന്റിന് പരമാധികാരമുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.

More Stories from this section

family-dental
witywide