കോഴിക്കോട് എലത്തൂർ നിയോജക മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ എ.കെ. ശശീന്ദ്രൻ വ്യാപകമായി ജാതീയ പ്രചാരണം നടത്തുന്നതായി പരാതി. എലത്തൂർ ഈഴവ മണ്ഡലമാണെന്നും ഞാനല്ലെങ്കിൽ ഏതെങ്കിലും ഈഴവനെ നിർത്തിയാലേ ഇവിടെ ജയിക്കുകയുള്ളൂവെന്ന തരത്തിൽ പ്രചാരണം നടത്തുന്നതായതാണ് ജില്ലാ കമ്മിറ്റി അംഗം വെളിപ്പെടുത്തുന്നു. ശശീന്ദ്രൻ വിരുദ്ധരെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ശ്രമം നടത്തുന്നുവെന്നും ഇതിനായി നേതൃത്വത്തെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നതായും പരാതിയുണ്ട്.
അതേസമയം, ഒരിക്കൽ കൂടെ എ.കെ. ശശീന്ദ്രൻ മത്സരിക്കാൻ തയ്യാറാവുന്നതിനെതിരേ ജില്ലയിലെ 13 മണ്ഡലങ്ങളിൽ പത്തിടത്തും പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശശീന്ദ്രൻ ജാതീയ പ്രചാരണം നടത്തുന്നതായും ആരോപണം ഉയരുന്നത്. 16-ാം തീയതി ചേരുന്ന പാർട്ടി ജില്ലാ കൺവെൻഷനിൽ അന്തിമ തീരുമാനം ഉണ്ടാവും. എന്നാൽ ശശീന്ദ്രൻ തന്നെയാണ് മത്സരിക്കുന്നതെങ്കിൽ ബദൽ സ്ഥാനാർഥിയെ അടക്കം നിർത്താനുള്ള ആലോചനയും ശശീന്ദ്രൻ വിരുദ്ധ പക്ഷത്തിനുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
1980 മുതൽ എ.കെ ശശീന്ദ്രന്റെ തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഏഴ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്ത്. ഇതോടെയാണ് ഇത്തവണ മാറി നിൽക്കണമെന്ന് ജില്ലാ കമ്മിറ്റി ശശീന്ദ്രനോട് ആവശ്യപ്പെട്ടത്. എന്നാൽ എലത്തൂരിൽ താൻ തന്നെയെന്ന നിലപാടിലായിരുന്നു ആദ്യം മുതൽക്കു തന്നെ ശശീന്ദ്രൻ. ഇതിൽ പ്രാദേശിക നേതൃത്വത്തിന് വലിയ എതിർപ്പുണ്ട്. ശശീന്ദ്രൻ ഇത്തവണ മാറി മറ്റൊരാൾക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാർട്ടിയിലെ ഒരുകൂട്ടം നേതാക്കൾ ആവശ്യപ്പെട്ടത്.
ഇതിന് അദ്ദേഹം തയ്യാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കൾ തന്നെ പറയുന്നത്. അദ്ദേഹത്തിന് പിടിവാശിയാണെന്നും ആരോപിക്കുന്നുണ്ട്. എലത്തൂരിൽ ശശീന്ദ്രനെതിരേ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തെരഞെടുപ്പിൽ എൽഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലമായിരുന്നു എലത്തൂർ. 38,502 എന്ന ചരിത്ര ഭൂരിപക്ഷമാണ് കഴിഞ്ഞതവണ എൽഎഫിന് ലഭിച്ചത്.
അതുകൊണ്ടുതന്നെ ഏറെ ഉറപ്പുളള ഒരു മണ്ഡലത്തിൽ തർക്കങ്ങൾ വന്നാൽ മണ്ഡലം സിപിഎം ഏറ്റെടുക്കുന്ന നിലപാടിലേക്കും പോകും. അങ്ങനെ വന്നാൽ പാർട്ടിക്ക് ഇത്രയും വോട്ടുകൾ ലഭിച്ച ഒരു ഉറച്ച മണ്ഡലമാവും നഷ്‌ടപ്പെടുകയെന്നും ശശീന്ദ്രനെ എതിർക്കുന്ന എൻസിപി നേതാക്കൾ പറയുന്നു. എൻസിപി ജില്ലാ സെക്രട്ടറി മുക്കം മുഹമ്മദ് അടക്കമുള്ളവർ എലത്തൂരിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, മണ്ഡലം വിട്ടുകൊടുക്കാൻ ശശീന്ദ്രൻ താത്പര്യപ്പെടാത്തതാണ് പാർട്ടിയെ കുഴക്കുന്നത്.
A.K. Saseendran is facing intense internal resistance within his party regarding his bid to contest for a fourth consecutive time from the Elathur constituency in Kozhikode for the 2026 Assembly elections.










