അമേരിക്കയ്ക്ക് വൻ പ്രഹരം; യുഎസ് യുദ്ധവിമാനങ്ങൾക്ക് ആകാശം കൊട്ടിയടച്ച് സ്പെയിൻ, നാറ്റോ സഖ്യത്തിൽ വിള്ളലോ?

മാഡ്രിഡ്: ഇറാനെതിരായ സൈനിക നീക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയും സൈനിക താവളങ്ങളും സ്പെയിൻ വിലക്കി. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വഷളാകാതിരിക്കാനാണ് ഈ നടപടിയെന്ന് സ്പെയിൻ വ്യക്തമാക്കി. സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഇറാനെതിരായ ആക്രമണങ്ങൾക്ക് ( ഓപ്പറേഷൻ എപ്പിക് ഫ്യൂറി) ഉപയോഗിക്കുന്ന യുഎസ് യുദ്ധവിമാനങ്ങൾക്കും ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങൾക്കും സ്പെയിനിൻ്റെ ആകാശത്തുകൂടി പറക്കാൻ ഇനി അനുമതിയുണ്ടാകില്ല. കൂടാതെ, സ്പെയിനിലെ പ്രധാന സൈനിക താവളങ്ങളായ റോത്ത, മോറോൺ എന്നിവയും ഈ ആവശ്യത്തിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചു.

ഇറാനെതിരായ നീക്കങ്ങൾ മേഖലയിൽ വലിയ അസ്ഥിരതയുണ്ടാക്കുമെന്നും അനാവശ്യമായ യുദ്ധത്തിലേക്ക് ലോകത്തെ നയിക്കുമെന്നുമാണ് സ്പെയിനിൻ്റെ നിലപാട്. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ തന്നെ യുഎസ് – ഇസ്രായേൽ നീക്കങ്ങളെ വിമർശിച്ചിരുന്നു. ഇറാൻ ആക്രമണത്തിൽ യു.എസിനെയും ഇസ്രയേലിനെയും ശക്തമായി വിമർശിച്ച ആദ്യ യൂറോപ്യൻനേതാവാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഇതിൻ്റെപേരിൽ സ്പെയിനുമായുള്ള വ്യാപാരബന്ധം മുറിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

സ്പെയിനിൻ്റെ ഈ തീരുമാനം അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ്. നിലവിൽ സ്പെയിനിനെ ഒഴിവാക്കി ദീർഘദൂര പാതകൾ ഉപയോഗിച്ച് വിമാനങ്ങൾ പറത്തേണ്ടി വരുന്നത് യുഎസ് സൈന്യത്തിന് അധിക സമയവും ചിലവും ഉണ്ടാക്കും. എന്നാൽ സ്പെയിനിൻ്റെ സഹായമില്ലാതെ തന്നെ ലക്ഷ്യങ്ങൾ കൈവരിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. നാറ്റോ സഖ്യകക്ഷിയായ സ്പെയിനിൽ നിന്നുള്ള ഈ അപ്രതീക്ഷിത നീക്കം അമേരിക്കയുടെ പശ്ചിമേഷ്യൻ തന്ത്രങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

A major blow to America; Spain closes the air space to US warplanes

More Stories from this section

family-dental
witywide