വാഷിംഗ്ടൺ: പാകിസ്ഥാൻ ഇന്ത്യയെയും കാശ്മീരിനെയും ലക്ഷ്യമിടുന്ന ഭീകര സംഘടനകൾക്ക് ഇപ്പോഴും സുരക്ഷിത താവളമൊരുക്കുന്നുവെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്‍റെ (സിആർഎസ്) പുതിയ റിപ്പോർട്ട്. വർഷങ്ങളോളം നീണ്ട സൈനിക നടപടികൾക്കും നയതന്ത്ര നീക്കങ്ങൾക്കും ശേഷവും പാകിസ്ഥാൻ മണ്ണിൽ ഭീകര ഗ്രൂപ്പുകൾ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും പാകിസ്ഥാൻ ഈ ഭീകരസംഘടനകളുടെ സുരക്ഷിത കേന്ദ്രം മാത്രമല്ല, മറിച്ച് അവരുടെ തന്നെ ആക്രമണങ്ങളുടെ ഇര കൂടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങൾ കുത്തനെ വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019ൽ ഭീകരവാദവുമായി ബന്ധപ്പെട്ട മരണങ്ങൾ 365 ആയി കുറഞ്ഞ സ്ഥാനത്ത്, 2025 ആയപ്പോഴേക്കും ഇത് 4001 ആയി ഉയർന്നു. കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. നിലവിൽ ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി പാകിസ്ഥാൻ മാറിയിരിക്കുന്നുവെന്നും പറയുന്നു.
പാകിസ്ഥാനിൽ ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിൽ അധിഷ്ഠിതമായ അഞ്ചോളം വിഭാഗങ്ങളിലായി നിരവധി ഭീകര ഗ്രൂപ്പുകളാണ് പ്രവർത്തിക്കുന്നത്. അൽ ഖ്വയ്ദയുടെ ശക്തി ക്ഷയിച്ചിട്ടുണ്ടെങ്കിലും മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായി സഖ്യം ചേർന്ന് അവർ ഇപ്പോഴും മേഖലയിൽ സജീവമാണ്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രാദേശിക വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയ്ക്ക് (ഐഎസ്-കെ) നാലായിരം മുതൽ ആറായിരം വരെ പോരാളികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആഭ്യന്തരമായി പാകിസ്ഥാൻ നേരിടുന്ന ഏറ്റവും വലിയ ഭീഷണി തെഹ്രീകെ താലിബാൻ പാകിസ്താൻ (ടിടിപി) ആണ്.
പാക് സർക്കാരിനെ അട്ടിമറിച്ച് ശരീഅത്ത് നിയമം നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന ഇവർക്ക് ഏകദേശം അയ്യായിരത്തോളം പോരാളികളുണ്ട്. അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്ക് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനായി തയ്യാറാക്കിയ ഈ സ്വതന്ത്ര റിപ്പോർട്ട് പാകിസ്ഥാന്‍റെ ഇരട്ടത്താപ്പിനും മേഖലയിലെ അസ്ഥിരതയ്ക്കും എതിരെ വിരൽചൂണ്ടുന്നതാണ്.
A new report by the US Congressional Research Service suggests Pakistan continues to provide safe havens to terrorist organizations, specifically threatening regional stability









