എപ്സ്റ്റീനോടൊപ്പം വിരുന്നിൽ ഇലോൺ മസ്‌കും മാർക്ക് സക്കർബർഗും; ചിത്രം പുറത്ത്

ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട പുതിയ രേഖകൾ പുറത്തുവന്നതോടെ, ടെക് ലോകത്തെ പ്രമുഖരുമായി ഇയാൾക്കുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് വീണ്ടും ചർച്ച ശക്തമാകുന്നു. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പുതിയ രേഖകളിലുള്‍പ്പെട്ട ഒരു ചിത്രത്തിൽ, ഇലോൺ മസ്‌കും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗും പങ്കെടുത്ത ഒരു വിരുന്നിൽ അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടിശ്വരനുമായ ജെഫ്രി എപ്സ്റ്റീനും സന്നിഹിതനായിരിക്കുന്നതായി കാണാം.

നീണ്ട ഡൈനിംഗ് മേശയ്ക്കരികെ മസ്‌കും സക്കർബർഗും ഇരിക്കുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. രേഖകളിലുള്‍പ്പെട്ട ഇമെയിലുകൾ പ്രകാരം, 2015 ഓഗസ്റ്റ് 2ന് ലോസ് ആഞ്ചലസിൽ “musk thiel zuckerberg” എന്നിവരോടൊപ്പം വിരുന്നിൽ പങ്കെടുക്കാനുണ്ടെന്ന് എപ്സ്റ്റീൻ സ്വയം അയച്ച ഒരു സന്ദേശത്തിൽ കുറിച്ചിട്ടുണ്ട്. ഇത് ഇലോൺ മസ്‌ക്, മാർക് സക്കർബർഗ്, നിക്ഷേപകൻ പീറ്റർ തിയേൽ എന്നിവരെയാണെന്ന് കരുതുന്നു. ഇതിന്‍റെ അടുത്ത ദിവസം, ആ വിരുന്നിൽ നിന്നുള്ള ഒരു ചിത്രം അദ്ദേഹം സ്വയം ഇമെയിൽ ചെയ്തതായും രേഖകളിൽ പറയുന്നു.

അതേസമയം, അന്വേഷണ രേഖകളുടെ ഭാഗമായാണ് ചിത്രം പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്. ഇലോൺ മസ്‌കോ മാർക്ക് സുക്കർബർഗോ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന തരത്തിലുള്ള യാതൊരു സൂചനയും രേഖകളിലില്ല. രേഖകളിൽ പേര് പരാമർശിക്കപ്പെടുന്നതോ ചിത്രത്തിൽ കാണപ്പെടുന്നതോ കുറ്റകൃത്യം തെളിയിക്കുന്നതല്ലെന്ന് അധികൃതരും മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്.

ലൈംഗികാതിക്രമ കേസിൽ 2008ൽ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീൻ, പിന്നീട് ഫെഡറൽ ലൈംഗിക കടത്ത് കേസിൽ വിചാരണ കാത്തിരിക്കെ 2019ൽ ജയിലിൽ മരിക്കുകയായിരുന്നു. വർഷങ്ങളായി രാഷ്ട്രീയ, ബിസിനസ്, അക്കാദമിക് മേഖലകളിലെ ശക്തരായ പലരുമായും ഇയാൾ ബന്ധം പുലർത്തിയിരുന്നു. ഇപ്പോൾ പുറത്തുവിട്ടത് ലക്ഷക്കണക്കിന് പേജുകളുള്ള രേഖകളും ചിത്രങ്ങളും വീഡിയോകളുമടങ്ങിയ വലിയ ശേഖരമാണ്. ഇതിൽ എപ്സ്റ്റീനും പ്രമുഖരുമായുള്ള ഇമെയിൽ കൈമാറ്റങ്ങളും ഉൾപ്പെടുന്നു.

2012ൽ എപ്സ്റ്റീന്റെ സ്വകാര്യ കരീബിയൻ ദ്വീപ് സന്ദർശിക്കുന്നതിനെക്കുറിച്ച് മസ്‌ക് ചോദിച്ചുവെന്ന ഇമെയിലും രേഖകളിലുണ്ട്. എന്നാൽ ദ്വീപിലേക്കുള്ള ക്ഷണം താൻ നിരസിച്ചതാണെന്ന് മസ്‌ക് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ യാതൊരു കേസുമില്ല.ഈ രേഖകൾ പുറത്തുവന്നതോടെ അമേരിക്കയിലും യൂറോപ്പിലും രാഷ്ട്രീയവും വ്യക്തിപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്. 2008ലെ എപ്സ്റ്റീന്റെ ശിക്ഷയ്ക്ക് ശേഷവും ബന്ധം തുടർന്ന ചില പൊതുപ്രവർത്തകർ അന്വേഷണങ്ങൾ നേരിടുകയോ പദവി ഒഴിയുകയോ ചെയ്തിട്ടുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിനുള്ള വിശദമായ പരിശോധനകൾക്കുശേഷമാണ് രേഖകൾ പ്രസിദ്ധീകരിച്ചതെന്ന് യുഎസ് അധികൃതർ അറിയിച്ചു.

A newly released photograph from the latest tranche of Jeffrey Epstein files shows the disgraced financier at a dinner attended by tech billionaires Elon Musk and Mark Zuckerberg

More Stories from this section

family-dental
witywide