ചോക്ലേറ്റുകൾ, വൈനുകൾ, കാറുകൾ… വമ്പൻ യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ ഇന്ത്യക്കാർക്ക് വിലകുറയുന്നത് എന്തിനൊക്കെ?

ന്യൂഡൽഹി : ഇന്ന് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) പ്രകാരം, യൂറോപ്പിൽ നിന്നുള്ള 96.6% ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് നിരവധി ഉൽപ്പന്നങ്ങൾക്കുള്ള വില കുറയ്ക്കാൻ സാധ്യതയുണ്ട്.

കാറുകളുടെ മേലുള്ള തീരുവ 110%-ൽ നിന്ന് ഘട്ടം ഘട്ടമായി 10% വരെയായി കുറയ്ക്കും. പ്രതിവർഷം 2,50,000 വാഹനങ്ങൾ എന്ന ക്വാട്ടയ്ക്ക് കീഴിലായിരിക്കും ഈ ഇളവ് ലഭിക്കുക. കൂടാതെ, വാഹന ഘടകഭാഗങ്ങളുടെ മേലുള്ള നികുതി 5 മുതൽ 10 വർഷത്തിനുള്ളിൽ പൂർണ്ണമായും ഒഴിവാക്കും. കരാർ പ്രകാരം യന്ത്രസാമഗ്രികൾക്കുമേൽ നിലവിലുള്ള 44% വരെയുള്ള ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കും. 22% വരെയുള്ള നികുതി മിക്കവാറും എല്ലാ രാസ ഉൽപ്പന്നങ്ങൾക്കും ഇല്ലാതാകും. ഔഷധ ഉൽപ്പന്നങ്ങളുടെ മേലുള്ള 11% നികുതി ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കും.

വിമാനങ്ങളും അതുമായി ബന്ധപ്പെട്ട വിഭാഗത്തിലെയും മിക്കവാറും എല്ലാ ഉൽപ്പന്നങ്ങളുടെയും നികുതി 0% ആയി കുറക്കും. മിക്കവാറും എല്ലാ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കും പൂജ്യം ശതമാനം നികുതിയായിരിക്കും. ഇവയ്ക്ക് പുറമെ, 90% മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങളുടെയും തീരുവ ഒഴിവാക്കും.
രത്നങ്ങളും ലോഹങ്ങളും നികുതി ഇളവിൽ ഭാഗമാകും. 20% ഉൽപ്പന്നങ്ങളുടെ നികുതി പൂർണ്ണമായും ഒഴിവാക്കുകയും 36% ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ നികുതി നിശ്ചയിക്കുകയും ചെയ്തു. ഇരുമ്പിനും സ്റ്റീലിനും 22% വരെയുണ്ടായിരുന്ന നികുതിയിൽ ഗണ്യമായ കുറവ് വരുത്തി.

യൂറോപ്യൻ വൈനുകളുടെയും സ്പിരിറ്റുകളുടെയും ഇറക്കുമതി ചുങ്കം ഗണ്യമായി കുറയും. നിലവിലെ 150% ചുങ്കം കരാർ പ്രാബല്യത്തിൽ വരുമ്പോൾ 75% ആയും, ഏതാനും വർഷങ്ങൾക്കുള്ളിൽ 20% – 30% വരെയായും കുറയും. സ്വിസ് ചോക്ലേറ്റുകൾ, ബിസ്ക്കറ്റുകൾ, മറ്റ് പലഹാരങ്ങൾ എന്നിവയുടെ ഇറക്കുമതി നികുതി 10 വർഷത്തിനുള്ളിൽ പൂർണ്ണമായും ഒഴിവാക്കും. നിലവിൽ ഇത്തരം ഉൽപ്പന്നങ്ങൾക്ക് 30% നികുതിയാണുള്ളത്. സ്വിറ്റ്സർലൻഡിൽ നിന്നുള്ള ആഡംബര വാച്ചുകൾക്കും ക്ലോക്കുകൾക്കും വില കുറയും. ഇവയുടെ നികുതിയും ഘട്ടംഘട്ടമായി പൂജ്യത്തിലേക്ക് എത്തിക്കും. ഒലിവ് ഓയിൽ, അവോക്കാഡോ, ആപ്രിക്കോട്ട്, കോഫി ക്യാപ്സ്യൂളുകൾ, കടൽ വിഭവങ്ങൾ (പ്രത്യേകിച്ച് നോർവീജിയൻ സാൽമൺ) എന്നിവയുടെ വില കുറയും. ഒലിവ് ഓയിലിന്റെ 45% നികുതി 5 വർഷത്തിനുള്ളിൽ ഇല്ലാതാകും.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് വർഷം തോറും ഏകദേശം 4 ബില്യൺ യൂറോയുടെ ലാഭം ഈ കരാറിലൂടെ ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. നികുതി കുറയുന്നതോടെ യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് മത്സരിക്കാൻ സാധിക്കും. ഇത് അവരുടെ വിൽപ്പനയും ലാഭവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഈ കരാർ വഴി യൂറോപ്യൻ കമ്പനികൾക്ക് ലാഭം ലഭിക്കുന്നതോടൊപ്പം, ഇന്ത്യയിലേക്ക് നൂതന സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും കുറഞ്ഞ വിലയ്ക്ക് എത്തുകയും അത് ഇന്ത്യയുടെ വ്യവസായ മേഖലയ്ക്ക് ഉണർവ് നൽകുകയും ചെയ്യും.

A trade deal between India and the EU slashes tariffs on 97% of European exports

More Stories from this section

family-dental
witywide