സാമുദായിക സ്പർധ സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കം, ശ്രീലേഖയുടെ വിവാദ പ്രസംഗത്തിൽ പ്രതികരണവുമായി എ എ റഹീം എംപി

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും നിലവിലെ സർക്കാർ ഇതിനോട് കണ്ണടയ്ക്കുകയാണെന്നുമുള്ള വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർഥിയും മുൻ പോലീസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖയുടെ വിവാദ പ്രസംഗത്തിൽ പ്രതികരണവുമായി സിപിഎം രാജ്യസഭാ എംപി എ എ റഹീം. ശ്രീലേഖയുടെ ആരോപണങ്ങൾ ‘ശുദ്ധ അസംബന്ധം’ ആണെന്നും, കേരളത്തെ അപമാനിക്കാനും മുസ്‌ലിം വിഭാഗത്തെ അധിക്ഷേപിക്കാനും ബോധപൂർവ്വം നടത്തുന്ന പ്രചാരണമാണിതെന്നും റഹീം പറഞ്ഞു.

സാമുദായിക സ്പർധ സൃഷ്ടിക്കാൻ സംഘപരിവാർ നടത്തുന്ന കൃത്യമായ നീക്കമാണിതെന്നും, ബിജെപി സ്ഥാനാർഥിയുടെ ഈ ശ്രമം കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു റഹീമിന്റെ പ്രതികരണം.
നേരത്തെ ശാസ്തമംഗലത്ത് ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത ഒരു പരിപാടിയിലായിരുന്നു ശ്രീലേഖയുടെ വിവാദ പ്രസംഗം. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും, എന്നാൽ നിലവിലെ സർക്കാർ ഇതിനോട് കണ്ണടയ്ക്കുകയാണെന്നുമായിരുന്നു അവരുടെ ആരോപണം.

അതിക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുമ്പോഴും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. ഒരു പോലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ലെന്നും, മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായിട്ടും സർക്കാർ നടപടി എടുത്തില്ലെന്നും ശ്രീലേഖ പറഞ്ഞു. കേരളത്തിൽ സ്ത്രീ സുരക്ഷയില്ലെന്നും അവർ ആരോപിച്ചു.

More Stories from this section

family-dental
witywide