
ന്യൂയോർക്ക്: ലാൻഡിംഗിനിടെ റൺവേയിൽ വെച്ച് എയർ കാനഡ എക്സ്പ്രസ് വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം. അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടയ്ക്കുകയും എല്ലാ വിമാന സർവീസുകളും റദ്ദാക്കുകയും ചെയ്തു.
മഴയുള്ള സമയത്ത് ലാൻഡിംഗ് പൂർത്തിയാക്കാൻ ഏകദേശം 30 മൈൽ വേഗതയിൽ നീങ്ങുമ്പോഴാണ് വിമാനം അടിയന്തര രക്ഷാസേനയുടെ വാഹനത്തിലിടിച്ചത്. അപകടത്തിൽ രണ്ട് പൈലറ്റുമാർക്കും രണ്ട് പോർട്ട് അതോറിറ്റി പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥരുടെ എല്ലുകൾക്ക് ഒടിവുണ്ടായതായാണ് റിപ്പോർട്ട്. പൈലറ്റും കോ-പൈലറ്റും ചികിത്സയിലാണ്.
BREAKING: Several injuries after Air Canada plane and firetruck collide on runaway at New York's LaGuardia Airport pic.twitter.com/cO6u5HD1YA
— BNO News (@BNONews) March 23, 2026
കാനഡയിലെ മോൺട്രിയലിൽ നിന്നും 76 യാത്രക്കാരും നാല് ജീവനക്കാരുമായി എത്തിയ ബോംബാർഡിയർ CRJ-900 വിമാനമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനത്തിൻ്റെ മുൻഭാഗം പൂർണ്ണമായും തകരുകയും വിമാനം ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാവുകയും ചെയ്തു. എന്നാൽ യാത്രക്കാർ ആർക്കും ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടില്ല എന്നത് വലിയ ആശ്വാസമായി.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സും മറ്റ് സുരക്ഷാ വിഭാഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള ഓഡിയോ സന്ദേശങ്ങളിൽ നിന്ന് അപകടത്തിൻ്റെ ഗൗരവം വ്യക്തമാണ്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Accident during landing in New York: Air Canada plane hits fire truck; 4 people including pilots injured, flights canceled















