പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ വ്യാജരേഖയുണ്ടാക്കി റേഷൻ കാർഡിൽ പേരുചേർത്തെന്ന പരാതിയിൽ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടിയെടുത്തു. കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന വ്യാജേനയാണ് ഇവർ റേഷൻ കാർഡിൽ പേരുചേർത്തതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ കാർഡ് ഉടമയ്ക്ക് ഇങ്ങനെയൊരു ബന്ധുവില്ലെന്ന് ചൂണ്ടിക്കാട്ടി തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി. കാർഡ് ഉടമ 2024 സെപ്റ്റംബറിൽ മരിച്ചതായും നിലവിൽ ആ വിലാസത്തിൽ താമസക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും അധികൃതർ ഉത്തരവിട്ടു.
റേഷൻ കാർഡിലെ വിലാസം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ദുരുപയോഗം ചെയ്തു എന്നാണ് പ്രധാന ആരോപണം. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് കാർഡിൽ നിന്ന് ഉടൻ വെട്ടാനാണ് സപ്ലൈ ഓഫീസറുടെ നിർദ്ദേശം. 2024 സെപ്റ്റംബർ 18-ന് മരിച്ച കാർഡ് ഉടമയുമായി ശ്രീനാദേവിക്ക് രക്തബന്ധമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് സൂചന. പരാതിയിലെ വസ്‌തുതകൾ പരിശോധിച്ച ശേഷമാണ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കടുത്ത നടപടിയിലേക്ക് വകുപ്പ് നീങ്ങിയത്.
അതേസമയം, സപ്ലൈ ഓഫീസറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. നിലവിൽ ഈ വിലാസത്തിലുള്ള വസ്‌തുവിൽ തനിക്ക് നിയമപരമായ അവകാശമുണ്ടെന്നും മുൻപ് സിപിഐ നേതാവായി മത്സരിച്ചപ്പോഴും ഇതേ വിലാസമാണ് ഉപയോഗിച്ചതെന്നും അവർ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായാണ് ഇപ്പോൾ നടപടിയെടുക്കുന്നതെന്നും സിപിഐ നിർദ്ദേശപ്രകാരമാണ് സപ്ലൈ ഓഫീസർ പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.
Action against Congress leader Sreenadevi Kunjamma over fake ration card entries















