നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: പ്രശസ്ത ചലച്ചിത്ര-നാടക നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

നാടകരംഗത്തുനിന്ന് ചലച്ചിത്രലോകത്തെത്തിയ അദ്ദേഹം അറുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ‘കളിയാട്ടം’, ‘പ്രണയവർണ്ണങ്ങൾ’, ‘പട്ടാഭിഷേകം’, ‘നരസിംഹം’, ‘മീശമാധവൻ’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.

ഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ (NSD) നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ രാജേന്ദ്രൻ, മലയാള നാടകവേദിയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

പ്രശസ്ത നാടകപ്രവർത്തകരായ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകളും നടിയുമായ സന്ധ്യ രാജേന്ദ്രനാണ് ഭാര്യ. നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ്. നടൻ ദിവ്യദർശൻ മകനാണ്. സംസ്കാരം വെള്ളിയാഴ്ച തൃശൂർ തൃത്തല്ലൂരിലെ കുടുംബവീട്ടിൽ നടക്കും.

Actor and director E.A. Rajendran passes away

More Stories from this section

family-dental
witywide