നടൻ കൃഷ്ണകുമാറിന് കേന്ദ്രത്തിന്റെ സമ്മാനം, എൻഎഫ്ഡിസി ചെയർമാൻ സ്ഥാനം നൽകി; മൂന്ന് വർഷത്തേക്ക് നിയമനം

പ്രശസ്ത സിനിമാ താരവും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻഎഫ്ഡിസി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. എൻഎഫ്ഡിസിയുടെ നോൺ ഒഫീഷ്യൽ ഡയറക്ടറായും രാഷ്ട്രപതി ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്.

ദൂരദർശനിലെ വാർത്താ അവതാരകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കൃഷ്ണകുമാർ, പിന്നീട് ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായി. 1994-ൽ ‘കാശ്മീരം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിൽ എത്തിയത്. നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗമായ അദ്ദേഹം കഴിഞ്ഞ തവണ തിരുവനന്തപുരം മണ്ഡലത്തിൽ തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.

സിനിമാ രംഗത്തെ കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ എൻഎഫ്ഡിസി നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. മികച്ച സിനിമകളുടെ നിർമ്മാണം, വിതരണം, ചലച്ചിത്രോത്സവങ്ങളുടെ സംഘാടനം തുടങ്ങിയ ചുമതലകൾ കൃഷ്ണകുമാറിന്റെ നേതൃത്വത്തിന് കീഴിൽ വരും. തന്റെ പുതിയ നിയോഗത്തിലൂടെ സിനിമാ മേഖലയിലെ നയരൂപീകരണത്തിലും വികസനത്തിലും സജീവമായി ഇടപെടാൻ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

Actor G. Krishnakumar appointed as NFDC Chairman for three-year term

More Stories from this section

family-dental
witywide