ഇന്ത്യയിൽ ഹെലികോപ്റ്ററുകൾ നിർമ്മിക്കാൻ അദാനി ഗ്രൂപ്പ്; കൈകോർക്കുന്നത് ഇറ്റാലിയൻ കമ്പനിയുമായി

ന്യൂഡൽഹി: ഇന്ത്യയിൽ സംയോജിത ഹെലികോപ്റ്റർ നിർമ്മാണ സംവിധാനം സ്ഥാപിക്കുന്നതിനായി ഇറ്റാലിയൻ കമ്പനിയായ ലിയോനാർഡോയും അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസും ധാരണാപത്രം ഒപ്പുവെച്ചു. ഇന്ത്യൻ സായുധ സേനയുടെയും സിവിലിയൻ മേഖലയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെലികോപ്റ്റർ ഉൽപ്പാദനത്തിൽ രാജ്യത്തിന്റെ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര-പ്രതിരോധ കരാറിന് പിന്നാലെയാണ് ഈ സുപ്രധാന നീക്കം.

ആഗോളതലത്തിൽ ഹെലികോപ്റ്റർ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന ഇറ്റാലിയൻ പ്രതിരോധ ഭീമനാണ് ലിയോനാർഡോ. ഇന്ത്യയിൽ ഒരു സംയോജിത ഹെലികോപ്റ്റർ നിർമ്മാണ ശൃംഖല സ്ഥാപിക്കുന്നതിനായി ചൊവ്വാഴ്ചയാണ് ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഘട്ടം ഘട്ടമായുള്ള തദ്ദേശീയവൽക്കരണം, ശക്തമായ മെയിൻ്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ (MRO) സംവിധാനങ്ങൾ, സമഗ്രമായ പൈലറ്റ് പരിശീലനം എന്നിവ ഈ സഹകരണത്തിലൂടെ ലഭ്യമാക്കുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, പ്രതിരോധ മന്ത്രാലയത്തിലെ ഡിജി (അക്വിസിഷൻ) എ. അൻബരശു എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഈ സഹകരണത്തെ ഒരു “തന്ത്രപരമായ വിവാഹം” എന്നാണ് അൻബരശു വിശേഷിപ്പിച്ചത്. “ഈ ധാരണാപത്രം അത്യന്തം പ്രധാനപ്പെട്ട ഒന്നാണ്. ആദരണീയരായ രണ്ട് വ്യവസായ സ്ഥാപനങ്ങളുടെ ഒത്തുചേരലാണിത്,” പ്രതിരോധ സെക്രട്ടറി സിംഗ് പറഞ്ഞു. നൂറു ശതമാനം സ്വയംപര്യാപ്തത എന്നത് അസാധ്യമാണെന്നും, എന്നാൽ ‘മേക് ഇൻ ഇന്ത്യ’യിലൂടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പ്രതിരോധ മേഖലയിലെ രണ്ട് ആഗോള ചാമ്പ്യന്മാർ ഇന്ന് ഒരു പുതിയ അധ്യായം തുറക്കുകയാണ്. പ്രതിരോധ രംഗത്ത് ഇറ്റലിയുടെ വിശ്വസ്തവും ദീർഘകാലവുമായ പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയിൽ നിന്ന് കൂടുതൽ നിക്ഷേപം ഇറ്റലി പ്രതീക്ഷിക്കുന്നു.” എന്നാണ് ഇറ്റാലിയൻ അംബാസഡർ അൻ്റോണിയോ എൻറിക്കോ ബാർട്ടോളി പറഞ്ഞത്.

ലിയോനാർഡോയുമായുള്ള ഈ സഖ്യം ഇന്ത്യയെ ഒരു ആഗോള എയ്‌റോസ്‌പേസ് കരുത്തായി മാറ്റുന്നതിനും ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള നിർണ്ണായക ചുവടുവെപ്പാണെന്ന് ഗൗതം അദാനിയുടെ മകനും അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ഡയറക്ടറുമായ ജീത് അദാനി പ്രതികരിച്ചു.

വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ സായുധ സേനയ്ക്ക് ആയിരത്തിലധികം ഹെലികോപ്റ്ററുകൾ ആവശ്യമായി വരുമെന്നും ഈ പങ്കാളിത്തം ആ ആവശ്യം നിറവേറ്റാൻ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. കരസേന, വ്യോമസേന, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവയിലായി മുന്നൂറിലധികം ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ, മുന്നൂറിലധികം മീഡിയം ലിഫ്റ്റ് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ വലിയൊരു നിര തന്നെ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്.

ബ്രസീലിയൻ എയ്‌റോസ്‌പേസ് ഭീമനായ എംബ്രയറുമായി ചേർന്ന് ഇന്ത്യയിൽ വിമാന നിർമ്മാണ കേന്ദ്രം സ്ഥാപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ നീക്കം.

Adani Group joins hands with Italian company to manufacture helicopters in India

More Stories from this section

family-dental
witywide