
കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാക്കി മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗുരുതര പരാതികളുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയേയും കണ്ട അടൂർ പ്രകാശ്, മുഖ്യമന്ത്രിക്കെതിരായ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനമില്ലായ്മയും, മുന്നണിയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനങ്ങളും അടങ്ങിയ പ്രത്യേക പരാതിയാണ് അദ്ദേഹം നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്.
മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ നേതാവ് എം.കെ. മുനീറിനെ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാനായും, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ദില്ലിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചത് മുന്നണിയിൽ ആലോചിക്കാതെയാണെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന ആക്ഷേപം. പ്രധാനപ്പെട്ട സർക്കാർ തീരുമാനങ്ങൾ പലതും മുന്നണി കൺവീനറായ താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും, കഴിഞ്ഞ ജൂലൈ മാസത്തിന് ശേഷം യു.ഡി.എഫ് ഏകോപന സമിതി യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും അദ്ദേഹം മുൻപ് തുറന്നടിച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ സണ്ണി ജോസഫ് വ്യക്തമാക്കി. പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് കെ.സി. വേണുഗോപാൽ അടക്കമുള്ള ഹൈക്കമാൻഡ് നേതാക്കൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും, പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണപരമായ കാര്യങ്ങളിൽ ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കുമെന്നും, വിഷയം എ.ഐ.സി.സിയുടെ പരിഗണനയിലുള്ളതിനാൽ അടൂർ പ്രകാശുമായി താൻ ചർച്ച നടത്തില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
Adoor Prakash Meets Kharge with Complaints Against CM VD Satheesh; Sunny Joseph Rejects Allegations of Unilateral Decision-Making













