ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. മുൻ നിയമ സെക്രട്ടറി അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. നിയമനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിൽ വലിയ വിഷമമുണ്ടെന്ന് കഴിഞ്ഞ ദിവസം അതിജീവിത പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഇതിനായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അപേക്ഷ നൽകിയിരുന്നതായും അവർ വ്യക്തമാക്കിയിരുന്നു. നീതിക്കായി താൻ നടത്തുന്ന പോരാട്ടത്തിൽ ശ്വസിക്കാനുള്ള വായു ഒഴികെ മറ്റെല്ലാം നിഷേധിക്കപ്പെട്ട സാഹചര്യമാണെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ നടപടി വേഗത്തിലാക്കിയത്.
പരാതി നൽകിയതിന് പിന്നാലെ സഭയ്ക്കകത്ത് താൻ പൂർണ്ണമായും ഒറ്റപ്പെട്ടുവെന്നും കൈകാലുകൾ ബന്ധിക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴത്തെ ജീവിതമെന്നും അതിജീവിത തുറന്നുപറഞ്ഞിരുന്നു. കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമുണ്ടായെന്നും പണത്തിന് വേണ്ടിയാണ് പരാതി നൽകിയതെന്ന വ്യാജ പ്രചാരണം നടന്നതായും അവർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിൽ ആക്രമിക്കപ്പെട്ട നടി പങ്കെടുത്തതാണ് തനിക്ക് പൊതുമധ്യത്തിൽ വരാൻ ധൈര്യം നൽകിയതെന്നും അതിജീവിത വ്യക്തമാക്കി.













