
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കങ്ങളുമായി എഐസിസി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നാല് പ്രത്യേക നിരീക്ഷകരെ കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചു. സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ് ഗഡി, മുതിർന്ന നേതാവ് കെ ജെ ജോർജ് എന്നിവരടങ്ങുന്ന സംഘത്തെയാണ് കേരളത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ ശ്രദ്ധേയരായ യുവനേതാക്കളെ കേരളത്തിലേക്ക് അയക്കുന്നതിലൂടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഗോദയിൽ പുതിയ ആവേശം നിറയ്ക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് നിരീക്ഷകരുടെ പട്ടിക പുറത്തുവിട്ടത്.
കേരളത്തിന് പുറമെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കും നിരീക്ഷകരെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ കാണുന്ന അസമിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഭൂപേഷ് ഭാഗേൽ, ബന്ധു ടിർക്കി എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്. പശ്ചിമ ബംഗാളിൽ സുദീപ് റോയ് ബർമൻ, ഷക്കീൽ അഹമ്മദ് ഖാൻ, പ്രകാശ് ജോഷി എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്കും പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.
കേരളത്തിലെ നിരീക്ഷക നിരയിൽ കെ.ജെ. ജോർജ് ഒഴികെയുള്ളവർ യുവ നേതാക്കളാണെന്നത് ഹൈക്കമാൻഡിന്റെ പ്രത്യേക താല്പര്യപ്രകാരമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തി സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണ തന്ത്രങ്ങളിലും ഇവർ നിർണ്ണായക സ്വാധീനം ചെലുത്തും. കർണാടകയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച ഡി.കെ. ശിവകുമാറിനെ അസമിലേക്ക് നിയോഗിച്ചതും ഭരണം തിരിച്ചുപിടിക്കാനുള്ള പാർട്ടിയുടെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ്. ഓരോ സംസ്ഥാനത്തെയും പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ചാണ് നിരീക്ഷകരെ തെരഞ്ഞെടുത്തിരിക്കുന്നത്.














