അനുശോചന വീഡിയോയിൽ ഇംഗ്ലീഷ് മാത്രം ; പ്രതിഷേധത്തെത്തുടർന്ന് വിരമിക്കൽ പ്രഖ്യാപിച്ച് എയർ കാനഡ സിഇഒ

മോൺട്രിയൽ: ഔദ്യോഗിക പരിപാടികളിൽ ഫ്രഞ്ച് ഭാഷ അവഗണിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ എയർ കാനഡ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) മൈക്കൽ റൂസോ സ്ഥാനമൊഴിയുന്നു. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ച പൈലറ്റുമാർക്ക് അനുശോചനം രേഖപ്പെടുത്തി പുറത്തിറക്കിയ വീഡിയോയിൽ ഇംഗ്ലീഷ് മാത്രം ഉപയോഗിച്ചതാണ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. ഈ വർഷം മൂന്നാം പാദത്തോടെ അദ്ദേഹം വിരമിക്കുമെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞയാഴ്ച ലാഗ്വാർഡിയയിൽ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആൻ്റണി ഫോറസ്റ്റ്, മക്കെൻസി ഗുന്തർ എന്നീ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ആൻ്റണി ഫോറസ്റ്റ് ഫ്രഞ്ച് സംസാരിക്കുന്ന ക്യൂബെക്ക് സ്വദേശിയായിരുന്നു. എന്നിട്ടും സിഇഒ പുറത്തിറക്കിയ അനുശോചന വീഡിയോയിൽ ഫ്രഞ്ച് ഭാഷ ഒഴിവാക്കിയത് കാനഡയിലെ ഫ്രഞ്ച് സംസാരിക്കുന്ന ജനവിഭാഗത്തിനിടയിൽ വലിയ പ്രതിഷേധമുണ്ടാക്കി.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ റൂസോയുടെ നടപടിയെ വിമർശിച്ചു. സിഇഒയുടെ നടപടി സഹാനുഭൂതിയില്ലാത്തതാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഫ്രഞ്ച് സംസാരിക്കാൻ കഴിയാത്ത പക്ഷം റൂസോ സ്ഥാനം ഒഴിയണമെന്ന് ക്യൂബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോ ആവശ്യപ്പെട്ടിരുന്നു. റൂസോയുടെ രാജി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ജീവനക്കാരോടും ഫ്രഞ്ച് സംസാരിക്കുന്ന ഉപഭോക്താക്കളോടുമുള്ള ബഹുമാനസൂചകമായി അടുത്ത സിഇഒ നിർബന്ധമായും ഫ്രഞ്ച് അറിയുന്ന ആളായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദത്തെത്തുടർന്ന് പാർലമെൻ്ററി കമ്മിറ്റിക്ക് മുൻപാകെ ഹാജരാകാൻ റൂസോയ്ക്ക് നിർദ്ദേശം ലഭിച്ചിരുന്നു. വർഷങ്ങളായി പരിശീലനം നടത്തിയിട്ടും ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം നേടാൻ കഴിയാത്തതിൽ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചു. 2021-ൽ സിഇഒ ആയി ചുമതലയേറ്റപ്പോഴും ഭാഷാപരമായ അറിവില്ലായ്മയുടെ പേരിൽ അദ്ദേഹം വിമർശനം നേരിട്ടിരുന്നു.

കാനഡയിലെ ഔദ്യോഗിക ഭാഷാ നിയമപ്രകാരം വിമാനത്തിനകത്തെ അറിയിപ്പുകളും മറ്റും ഇംഗ്ലീഷിലും ഫ്രഞ്ചിലും നൽകാൻ എയർ കാനഡ ബാധ്യസ്ഥമാണ്. രണ്ട് പതിറ്റാണ്ടോളമായി കമ്പനിയുടെ വിവിധ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു മൈക്കൽ റൂസോ. അടുത്ത സിഇഒയെ കണ്ടെത്താനുള്ള നടപടികൾ കമ്പനി ഉടൻ ആരംഭിക്കും

Air Canada CEO announces retirement after outcry over condolence video in English only

More Stories from this section

family-dental
witywide