
ന്യൂഡൽഹി : കഴിഞ്ഞ ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ AI-171 വിമാനം തകർന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഇറ്റാലിയൻ പത്രമായ കോറിയർ ഡെല്ല സെറ റിപ്പോർട്ട് ചെയ്തതനുസരിച്ച്, വിമാനത്തിലെ ഒരു പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതാണ് അപകടത്തിന് കാരണമായത്.
ഇന്ത്യൻ അന്വേഷണ ഏജൻസിയായ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ടിൽ പൈലറ്റിൻ്റെ ഈ പ്രവൃത്തി “ഏതാണ്ട് ഉറപ്പായും മനഃപൂർവം” ചെയ്തതാണെന്ന് രേഖപ്പെടുത്താൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിമാനത്തിലെ സംഭാഷണങ്ങൾ പരിശോധിച്ചതിൽ നിന്ന്, ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഇന്ധന സ്വിച്ചുകൾ ‘കട്ട് ഓഫ്’ നിലയിലേക്ക് മാറിയതായി കണ്ടെത്തി. ഒരു പൈലറ്റ് “എന്തിനാണ് നീ ഇത് ഓഫ് ചെയ്തത്?” എന്ന് ചോദിക്കുന്നതും മറ്റേയാൾ “ഞാൻ ചെയ്തില്ല” എന്ന് മറുപടി പറയുന്നതും റെക്കോർഡിംഗിലുണ്ട്. വിമാനത്തിന് മറ്റ് സാങ്കേതിക തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിലെ ഇന്ധന സ്വിച്ചുകൾ അബദ്ധത്തിൽ ഓഫ് ആകാൻ സാധ്യതയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ എൻജിനുകൾ നിലച്ച വിമാനം സമീപത്തെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരും നിലത്തുണ്ടായിരുന്ന 19 പേരും ഉൾപ്പെടെ ആകെ 261 പേർ മരിച്ചു.
Air India crash: Pilot intentionally turned off fuel switch, investigation report.















