എന്തു ചെയ്യാനാ വിമാനം മാറിപ്പോയി; കാനഡയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഒമ്പത് മണിക്കൂറിനുശേഷം തിരിച്ചിറക്കി

ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മാറിപ്പോയതിനെത്തുടർന്ന് ഡൽഹിയിൽ തന്നെ തിരിച്ചിറക്കി. പറന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. കാനഡയിൽ ഇറങ്ങാൻ നിയമപരമായ അനുമതിയുള്ള വിമാനത്തിന് പകരം മറ്റൊരു വിമാനം അബദ്ധത്തിൽ ഉപയോഗിച്ചതാണ് കാരണമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. ഡൽഹിയിൽനിന്ന് വ്യാഴാഴ്ച‌ രാവിലെ 11.34 നാണ് എഐ 185 വിമാനം യാത്രക്കാരുമായി കാനഡയിലേക്ക് പുറപ്പെട്ടത്.

ഗൾഫ് സംഘർഷ മേഖല ഒഴിവാക്കി കുൻമിങ്ങിന് സമീപം ചൈനീസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് കാനഡയിൽ പറക്കാൻ വിമാനത്തിന് അനുമതിയില്ലെന്ന് എയർലൈൻ അധികൃതർ തിരിച്ചറിഞ്ഞത്. തുടർന്ന് ഡൽഹിയിലേക്ക് തിരികെ പറക്കുകയായിരുന്നു. ശേഷം ഒൻപത് മണിക്കൂറിന് ശേഷം വിമാനം ഡൽഹിയിൽ തന്നെ ലാൻഡ് ചെയ്തു. എയർ ഇന്ത്യയ്ക്ക് നിലവിൽ കാനഡയിലേക്കുള്ള സർവീസുകൾക്കായി ബോയിങ് 777-300ER എന്ന വിമാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്.

എന്നാൽ, ഈ യാത്രയ്ക്കായി ഉപയോഗിച്ചത് ബോയിങ് 777-200LR എന്ന വിമാനമായിരുന്നു. കാനഡയിൽ ഈ വിമാനം ഇറക്കാൻ പ്രത്യേക അനുമതിയില്ലാത്തതിനാലാണ് വിമാനം പാതിവഴിയിൽ മടങ്ങിയത്. അതേസമയം, വെള്ളിയാഴ്ച രാവിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ വാൻകൂവറിലേക്ക് അയച്ചതായും എയർ ഇന്ത്യ വ്യക്തമാക്കി. വിമാനം തിരികെ ഇറക്കിയതിലും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിനും എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.

Air India flight from Delhi to Vancouver, Canada, lands back in Delhi after getting diverted

More Stories from this section

family-dental
witywide