
ന്യൂഡൽഹി : മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽ എയർ ഇന്ത്യ പൈലറ്റിനെ കസ്റ്റഡിയിലെടുത്തു. ഡിസംബർ 23-ന് വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം (AI186) നിയന്ത്രിക്കേണ്ടിയിരുന്ന പൈലറ്റാണ് കസ്റ്റഡിയിലായത്.
വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരനാണ് പൈലറ്റിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് അധികൃതരെ അറിയിച്ചത്. തുടർന്ന് നടത്തിയ ബ്രീത്ത് അനലൈസർ പരിശോധനയിലാണ് പൈലറ്റ് മദ്യപിച്ചെന്ന് കണ്ടെത്തിയത്.
പൈലറ്റിനെ കസ്റ്റഡിയിലെടുത്തതോടെ പകരം സംവിധാനം ഒരുക്കുന്നതിനായി സമയമെടുത്തതോടെ വിമാനം ഏകദേശം രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
പൈലറ്റിനെ ഉടനടി ജോലിയിൽ നിന്ന് മാറ്റിനിർത്തുകയും എയർ ഇന്ത്യയും ഡിജിസിഎയും (DGCA) സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പൈലറ്റിനെ പിന്നീട് ഡൽഹിയിലേക്ക് തിരികെ എത്തിച്ചു. സുരക്ഷാ നിയമങ്ങളുടെ ലംഘനം നടത്തുന്നവരോട് ഒരുവിട്ടുവീഴ്ചയുമില്ലെന്നും ഉടനടി നടപടിയുണ്ടാകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
Air India Pilot Detained In Vancouver Over Alcohol Smell















