എയർ ഇന്ത്യ സിഇഒ തെറിക്കും; ടാറ്റ ഗ്രൂപ്പിന് അതൃപ്തി, പുതിയ നേതൃത്വത്തെ കണ്ടെത്താൻ ശ്രമം തുടങ്ങി

ന്യൂഡൽഹി : എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസണെ മാറ്റി പുതിയ നേതൃത്വത്തെ കണ്ടെത്താൻ ടാറ്റ ഗ്രൂപ്പ് ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. പുതിയ സിഇഒയെ കണ്ടെത്താനായി ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ആഗോള വിമാനക്കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരികയാണെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നുണ്ട്. സിംഗപ്പൂർ എയർലൈൻസിലെ 26 വർഷത്തെ കരിയറിന് ശേഷം 2022 ജൂലൈയിലാണ് കാംബെൽ വിൽസൺ എയർ ഇന്ത്യ സിഇഒ ആയി ചുമതലയേറ്റത്.

എയർ ഇന്ത്യയുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിലെ കാലതാമസവും വിമാനങ്ങളുടെ അറ്റകുറ്റപ്പണികളിലെ പോരായ്മകളും ടാറ്റ ഗ്രൂപ്പിനെ അതൃപ്തരാക്കിയതാണ് കടുത്ത തീരുമാനത്തിനു പിന്നിലെന്നാണ് വിവരം. വിൽസന്റെ കാലാവധി 2027 വരെയാണെങ്കിലും അതിനു മുൻപ് തന്നെ പുതിയ സിഇഒ ചുമതലയേൽക്കാനാണ് സാധ്യത. ജൂണിലുണ്ടായ വിമാനാപകടത്തെത്തുടർന്ന് എയർ ഇന്ത്യ കടുത്ത നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ അലോക് സിംഗിനെയും മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

2026-ഓടെ വിമാനങ്ങളുടെ നവീകരണവും പുതിയ 26 വിമാനങ്ങൾ ഉൾപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള വലിയ മാറ്റങ്ങൾ എയർ ഇന്ത്യ ലക്ഷ്യമിടുന്നു. ഇതിൽ അന്താരാഷ്ട്ര സർവീസുകൾക്കായി നീക്കിവച്ചിരിക്കുന്ന അത്യാധുനിക എയർബസ് A350 വിമാനങ്ങളും ഉൾപ്പെടുന്നു. നിലവിലുള്ള പഴയ വിമാനങ്ങൾ പൂർണ്ണമായും നവീകരിക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. സീറ്റുകൾ മാറ്റുക, അത്യാധുനിക ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റം സജ്ജമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

Air India will find a new CEO to replace Campbell Wilson, report.

More Stories from this section

family-dental
witywide