ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് പുറംലോകത്തെ അറിയിച്ചത്. ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ, അമേരിക്കൻ തീരുവകൾ കുറയ്ക്കുമെന്നും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങൽ നിർത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. ട്രംപിൻ്റെ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളിലെ തീരുവ കുറച്ചതിന് ട്രംപിനോട് മോദി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ വ്യാപാര കരാർ പ്രഖ്യാപിക്കുന്നതിന് മാസങ്ങൾ മുമ്പ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വാഷിങ്ടൺ സന്ദർശിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തിലെ തർക്കങ്ങൾ മാറ്റിവെച്ച് വീണ്ടും വ്യാപാര ചർച്ചകൾ ആരംഭിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഡോവൽ, യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയോട് അറിയിച്ചതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട് പ്രകാരം, പ്രസിഡന്റ് ട്രംപിന്റെയും അദ്ദേഹത്തിന്റെ ഉന്നത സഹായികളുടെയും ഭീഷണികൾക്ക് ഇന്ത്യ വഴങ്ങില്ലെന്നും ഡോവൽ റൂബിയോയോട് പറഞ്ഞു. യോഗത്തെക്കുറിച്ച് അറിവുള്ള ന്യൂഡൽഹിയിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ കാലാവധി അവസാനിക്കുന്നതുവരെ കാത്തിരിക്കാൻ ഇന്ത്യ തയ്യാറാണെന്നും, എന്നാൽ ബന്ധങ്ങൾ ശരിയായ പാതയിലേക്ക് കൊണ്ടുവരാൻ അമേരിക്കൻ ഭരണകൂടം പൊതുവായ വിമർശനം കുറയ്ക്കണമെന്നും ഡോവൽ ആവശ്യപ്പെട്ടതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഈ കൂടിക്കാഴ്ച സെപ്റ്റംബർ തുടക്കത്തിൽ നടന്നതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായും ചർച്ച നടത്തിയതിന് പിന്നാലെയായിരുന്നു ഇത്. ഡോവൽ–റൂബിയോ കൂടിക്കാഴ്ചയ്ക്ക് മാസങ്ങൾക്കുശേഷമാണ് ട്രംപ് കുറഞ്ഞ തീരുവയും വിപുലമായ വിപണി പ്രവേശനവുമുള്ള വ്യാപാര കരാർ പ്രഖ്യാപിച്ചത്. തീരുവ കുറച്ച കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
മോദിയുടെ എക്‌സ് പോസ്റ്റിൽ തീരുവ ഇളവിനെ കുറിച്ച് പരാമർശിച്ചിരുന്നെങ്കിലും, വ്യാപാര കരാറിനെയോ റഷ്യൻ എണ്ണ വാങ്ങൽ സംബന്ധിച്ച വാഗ്ദാനങ്ങളെയോ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പൂജ്യം തീരുവയെയോ അദ്ദേഹം വ്യക്തമായി പറഞ്ഞിരുന്നില്ല. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യങ്ങളായ രണ്ട് വൻ സമ്പദ്‌വ്യവസ്ഥകൾ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ അത് ജനങ്ങൾക്ക് ഗുണം ചെയ്യുകയും പരസ്പര സഹകരണത്തിനുള്ള വൻ സാധ്യതകൾ തുറക്കുകയും ചെയ്യും,” എന്നാണ് മോദി എക്‌സിൽ കുറിച്ചത്.
“ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി പ്രസിഡന്റ് ട്രംപിന്റെ നേതൃത്വം നിർണായകമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണക്കുന്നു. നമ്മുടെ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” മോദി കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഈ കരാറിനെ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഗുണം ചെയ്യുന്ന “വിൻ-വിൻ ഡീൽ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
റഷ്യൻ എണ്ണയും തീരുവയും കൂടാതെ, അമേരിക്കയിൽ നിന്നുള്ള കൂടുതൽ ഊർജം ഇന്ത്യ വാങ്ങുമെന്നും, യുഎസ് ഉൽപ്പന്നങ്ങളിലെ തീരുവയും തീരുവയല്ലാത്ത തടസ്സങ്ങളും പൂജ്യത്തിലേക്ക് കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു. വെനിസ്വേലയിൽ നിന്നുള്ള ഊർജ വാങ്ങലും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചത് “ബഹുമാനകരമാണ്” എന്നും, അദ്ദേഹത്തെ തന്റെ “വലിയ സുഹൃത്തും ശക്തവും ബഹുമാനിക്കപ്പെടുന്ന നേതാവും” എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കാര്യങ്ങൾ നടപ്പാക്കുന്ന രണ്ട് നേതാക്കളാണ് തങ്ങളെന്നും ട്രംപ് പറഞ്ഞു.
“പ്രധാനമന്ത്രി മോദിയോടുള്ള സൗഹൃദവും ബഹുമാനവും മാനിച്ച്, അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം, യുഎസും ഇന്ത്യയും തമ്മിൽ ഉടൻ തന്നെ ഒരു വ്യാപാര കരാറിൽ എത്തിയിട്ടുണ്ട്. ഇതിലൂടെ യുഎസ് ഈടാക്കുന്ന പരസ്പര തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കും. അതുപോലെ, ഇന്ത്യയും യുഎസ് ഉൽപ്പന്നങ്ങളിലെ തീരുവകളും മറ്റ് തടസ്സങ്ങളും പൂജ്യത്തിലേക്ക് കുറയ്ക്കും,” ട്രംപ് പറഞ്ഞു. അമേരിക്കൻ ഉൽപ്പന്നങ്ങളും ഊർജവും ഉൾപ്പെടെ 500 ബില്യൺ ഡോളറിലധികം മൂല്യമുള്ള സാധനങ്ങൾ ഇന്ത്യ വാങ്ങുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Ajit Doval told Marco Rubio India ‘won’t be bullied, will wait out Trump’s term’: Report














