
മുംബൈ: ഇന്നലെ രാവിലെ മഹാരാഷ്ട്രയിലെ വിമാനാപകടത്തിൽ മരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മൃതദേഹം പൂർണ്ണ സംസ്ഥാന ബഹുമതികളോടെ രാവിലെ 11 മണിക്ക് സംസ്കരിക്കും. പവാർ കുടുംബത്തിൻ്റെ രാഷ്ട്രീയ ശക്തികേന്ദ്രവും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിന് കരുത്തുമേകിയ ജന്മനാടായ ബാരാമതിയിലാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്. സാമൂഹിക മേഖലകളിലെ പ്രമുഖരും ആയിരക്കണക്കിന് അനുയായികളും അന്ത്യയാത്രയേകാൻ കാത്തുനിൽക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഏകനാഥ് ഷിൻഡെ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. അന്ത്യ ചടങ്ങുകൾക്കും ശവസംസ്കാരത്തിനുമായി തിരഞ്ഞെടുത്തിരിക്കുന്ന വിദ്യാ പ്രതിഷ്ഠാൻ മൈതാനത്ത് തങ്ങളുടെ ‘ദാദ’യെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനപ്രവാഹമാണ് ഒഴുകിയെത്തിയത്.
ബാരാമതി വിമാനത്താവളത്തിൽ തന്റെ ചാർട്ടേർഡ് വിമാനമായ ലിയർജെറ്റ് 45 ടേബിൾടോപ്പ് റൺവേയ്ക്ക് സമീപം തകർന്നതിനെ തുടർന്ന് 66 കാരനായ പവാറും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 5 പേരും മരിച്ചു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്താൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവായ അജിത് പവാർ യാത്ര ചെയ്യവെയാണ് ദാരുണാപകടമുണ്ടായത്. ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ച്വേഴ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനം, ലാൻഡ് ചെയ്യാനുള്ള രണ്ടാമത്തെ ശ്രമത്തിൽ രാവിലെ 8.46 ന് തകർന്നുവീണു. ആദ്യ ശ്രമത്തിൽ പൈലറ്റുമാർക്ക് റൺവേ കാണാൻ കഴിയാതെ വന്നതിനാൽ വീണ്ടും ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് റിപ്പോർട്ട്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി മഹാരാഷ്ട്ര സർക്കാർ മൂന്ന് ദിവസത്തെ സംസ്ഥാന ദുഃഖാചരണവും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Ajit Pawar Funeral Update














