കാഴ്ചാപരിധി കുറവായിട്ടും ലാൻഡിംഗ് അനുമതി നൽകിയതെന്തിന്? അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം; വിമാനാപകടത്തിൽ ഉന്നതതല അന്വേഷണം വേണം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയും സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സാധാരണ ഗതിയിലുള്ള ഒരപകടമായി ഇതിനെ കാണാൻ കഴിയില്ലെന്നും, ചെറിയ വിമാനങ്ങൾക്ക് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് ഗൗരവകരമാണെന്നും ഖർഗെ ചൂണ്ടിക്കാട്ടി.

അപകടസമയത്ത് ബാരാമതിയിൽ കാഴ്ചാപരിധി (Visibility) വളരെ കുറവായിരുന്നിട്ടും വിമാനം ലാൻഡ് ചെയ്യാൻ എടിസി എന്തിന് അനുമതി നൽകിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ചോദിച്ചു. അപകടത്തിൽപ്പെട്ട ചാർട്ടേഡ് വിമാനം പ്രവർത്തിപ്പിച്ചിരുന്ന കമ്പനിയുടെ തന്നെ മറ്റൊരു വിമാനം മുമ്പും അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ അറ്റകുറ്റപ്പണികളിലോ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നൽകിയതിലോ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു.

അപകടത്തിൽ നേരത്തെ തന്നെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദുരൂഹത ആരോപിച്ചിരുന്നു. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വേണമെന്നാണ് മമതയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും വിവരങ്ങൾ തേടുകയും ചെയ്തെങ്കിലും, രാഷ്ട്രീയ പ്രമുഖർ കൊല്ലപ്പെട്ട സാഹചര്യത്തിൽ വിഷയം വലിയ ചർച്ചയായി മാറുകയാണ്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) അന്വേഷണം നിലവിൽ പുരോഗമിക്കുന്നുണ്ട്.

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം; സമഗ്ര അന്വേഷണത്തിന് ആവശ്യം

More Stories from this section

family-dental
witywide