
ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും സംസ്ഥാന രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയുമായ അജിത് പവാർ (66) വിടവാങ്ങുമ്പോൾ വലിയൊരു വിടവ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ രൂപമെടുക്കുന്നു. മുംബൈയിൽ നിന്ന് പവാർ കുടുംബത്തിൻ്റെ രാഷ്ട്രീയ കോട്ടയായ ബാരാമതിയിലേക്ക് സ്വകാര്യ വിമാനത്തിൽ പോകുന്നതിനിടെയായിരുന്നു അപകടം അദ്ദേഹത്തിൻ്റെ ജീവനെടുത്തത്. ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു.
മരണം എല്ലാവർക്കും സുനിശ്ചിതമാണ്. എന്നാൽ ദശാബ്ദങ്ങൾ നീണ്ട അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയ ബാരാമതിയിൽ വെച്ച് തന്നെ അന്ത്യം സംഭവിച്ചു എന്നത് ശ്രദ്ധേയമാണ്. ഈ കരിമ്പ് ഉൽപ്പാദന മേഖലയാണ് അദ്ദേഹത്തെ ഒരു കരുത്തനായ നേതാവായി വളർത്തിയെടുത്തത്. അമ്മാവൻ ശരദ് പവാറിന്റെ നിഴലിൽ നിന്നുകൊണ്ട് രാഷ്ട്രീയ തന്ത്രങ്ങൾ അഭ്യസിച്ച അജിത് പവാർ, പിൽക്കാലത്ത് മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഗതി മാറ്റിവരച്ച കഠിനഹൃദയനായ നേതാവായി മാറി. ഒടുവിൽ അതേ മണ്ണിൽ തന്നെ അദ്ദേഹത്തിൻ്റെ ജീവിതയാത്ര അവസാനിക്കുകയും ചെയ്തു.
അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതം നാടകീയമായ വഴിത്തിരിവുകൾ നിറഞ്ഞതായിരുന്നു . 2019 നവംബറിൽ ബി.ജെ.പിയുമായി ചേർന്ന് അപ്രതീക്ഷിതമായി സർക്കാർ രൂപീകരിച്ചതായിരുന്നു ഇതിലെ ആദ്യത്തെ വലിയ പൊട്ടിത്തെറി. 80 മണിക്കൂർ മാത്രം നീണ്ടുനിന്ന ആ സർക്കാർ എൻ.സി.പി കുടുംബത്തിലെ ആദ്യത്തെ പരസ്യമായ വിള്ളലായി മാറി. വലിയൊരു രാഷ്ട്രീയ ചർച്ചയും. 2023 ജൂലൈയിൽ ഈ വിള്ളൽ പൂർണ്ണമായി. എം.എൽ.എമാരുടെ വലിയൊരു വിഭാഗത്തെ ഒപ്പം കൂട്ടി അജിത് പവാർ വീണ്ടും ബി.ജെ.പി സഖ്യത്തിനൊപ്പം ചേരുകയും ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. ഇതോടെ എൻ.സി.പി രണ്ടായി പിളർന്നു. മാസങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിൻ്റെ വിഭാഗത്തിന് പാർട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചു.
1982-ൽ ഒരു സഹകരണ പഞ്ചസാര ഫാക്ടറിയുടെ ബോർഡ് അംഗമായിക്കൊണ്ടാണ് അജിത് പവാർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1991 മുതൽ തന്റെ തട്ടകമായ ബാരാമതി നിയമസഭാ മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചു. ആ വർഷം തന്നെ ബാരാമതിയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അമ്മാവൻ ശരദ് പവാറിന് വേണ്ടി ആ സ്ഥാനം ഒഴിഞ്ഞു കൊടുത്തു. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തിയാണ് അദ്ദേഹം. പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡെ എന്നിവരുടെ മന്ത്രിസഭകളിലായി ആകെ ആറ് തവണ അദ്ദേഹം ഈ പദവി അലങ്കരിച്ചിട്ടുണ്ട്.
ഒരു കരുത്തനായ നേതാവ് എന്നതിലുപരി, ഇന്ത്യയുടെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു അജിത് പവാറിന്റെ ജീവിതം. സഖ്യങ്ങൾ മാറുന്നതും കുടുംബങ്ങൾ തകരുന്നതും അതിജീവനത്തിനായി പുനർജന്മങ്ങൾ തേടുന്നതുമായ ആധുനിക രാഷ്ട്രീയത്തിൻ്റെ നേർക്കാഴ്ചയായിരുന്നു അജിത് പവാർ. ജീവിതത്തിലും പൈതൃകത്തിലും അജിത് പവാർ എന്നും രാഷ്ട്രീയക്കളത്തിലെ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ സുനേത്ര (രാജ്യസഭ എം.പി), മക്കളായ പാർത്ഥ്, ജയ് എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
Ajit Pawar’s end in the same Baramati soil where he built his political career












