പുതിയ നേതാവിൻ്റെ ചിത്രങ്ങളുമായി ഇറാനിൽ അൽ ഖുദ്‌സ് ദിന റാലി; അമേരിക്കൻ-ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പതിനായിരങ്ങൾ, ട്രംപിൻ്റെയും നെതന്യാഹുവിൻ്റെയും കോലം കത്തിച്ച് പ്രതിഷേധം

ടെഹ്‌റാൻ: പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വർഷം തോറും നടത്തിവരുന്ന അന്താരാഷ്ട്ര അൽ ഖുദ്‌സ് ദിനത്തോടനുബന്ധിച്ച് ഇറാനിലുടനീളം വൻ ജനപങ്കാളിത്തത്തോടെ റാലികൾ നടന്നു. വെള്ളിയാഴ്ച രാവിലെ മുതൽ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പതിനായിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.

പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയുടെയും അദ്ദേഹത്തിൻ്റെ പിതാവ് അന്തരിച്ച അലി ഖമേനിയുടെയും ചിത്രങ്ങൾ വഹിച്ചുകൊണ്ടാണ് ജനങ്ങൾ റാലിയിൽ പങ്കെടുത്തത്. ടെഹ്‌റാൻ, എസ്ഫഹാൻ, മഷാദ്, സഹേദാൻ തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം വലിയ തോതിലുള്ള പ്രകടനങ്ങൾ നടന്നതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്ന റാലിയിൽ, മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ കോലങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. അമേരിക്കൻ-ഇസ്രായേൽ പതാകകൾ പൊതിഞ്ഞ ശവപ്പെട്ടികളിൽ ആണി അടിച്ചു കയറ്റുന്ന പ്രതീകാത്മക പ്രതിഷേധങ്ങളും റാലിയുടെ ഭാഗമായി.

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ റാലികൾ നടന്നത് എന്നതും ശ്രദ്ധേയമാണ്. ടെഹ്‌റാനിലും എസ്ഫഹാനിലും സ്ഫോടനങ്ങൾ ഉണ്ടായതായി നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് ഇസ്രായേലിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇറാനിയൻ ജനത തെരുവിലിറങ്ങിയത്.

Al Quds Day rally in Iran with pictures of new leader; Tens of thousands chant anti-American and anti-Israel slogans.

More Stories from this section

family-dental
witywide