
തിരുവനന്തപുരം : വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് വ്യാഴാഴ്ച അർധരാത്രി മുതൽ ആരംഭിച്ചു. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണ നീക്കങ്ങൾ നിർത്തലാക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പണിമുടക്ക് പൂർണ്ണമാണ്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു, ബാങ്കിംഗ് സേവനങ്ങളെയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് മുടങ്ങാനാണ് സാധ്യത. ഭൂരിഭാഗം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ലെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. എന്നാൽ കൊച്ചി മെട്രോ സർവീസുകൾ സാധാരണ നിലയിൽ തുടരും. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ടെങ്കിലും സഹകരിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഏതാണ്ട് 30 കോടി തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്ന് യൂണിയനുകൾ അവകാശപ്പെടുന്നു.
പാൽ, പത്രം, ആശുപത്രികൾ തുടങ്ങിയ അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളെയും പണിമുടക്ക് ബാധിക്കില്ല. പണിമുടക്ക് പ്രമാണിച്ച് കേരളത്തിലെ വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ഓട്ടോ, ബസ്, കാര്‍, ലോറി തുടങ്ങി മോട്ടര്‍ തൊഴിലാളികള്‍, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം – വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികള്‍, പ്രസ് ജീവനക്കാര്‍, സ്‌കീം വര്‍ക്കര്‍മാര്‍, നിര്‍മാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികളും പണിമുടക്കും. ഓഫിസുകളും സ്കൂളൂകളും പ്രവര്‍ത്തിക്കില്ല. ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന സർക്കാർ പണിമുടക്ക് ദിവസം ജീവനക്കാർക്ക് ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകില്ലെന്ന് ഉത്തരവിൽ പറയുന്നു.
All India Strike enters 6 hours, State government announces discontinuance.















