പ്രധാനമന്ത്രിയെ കാണാൻ മേയറടക്കമുള്ള കൗൺസിലർമാരെല്ലാം ട്രെയിൻ കയറി, ആർ ശ്രീലേഖ യാത്രക്കില്ല, ‘വ്യക്തിപരമായ അസൗകര്യം’; ബിജെപിയിൽ ചർച്ച കൊഴുക്കുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ ചരിത്ര വിജയത്തിന് പിന്നാലെ, കൗൺസിലർമാർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കാൻ ആർ. ശ്രീലേഖ ഇല്ല. ബിജെപി കൗൺസിലർമാർ ട്രെയിൻ മാർഗം ഡൽഹിയിലേക്ക് യാത്ര തിരിച്ചതിനു പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി ശ്രീലേഖ രംഗത്തെത്തി. ദീർഘദൂര ട്രെയിൻ യാത്രയിലുള്ള അസൗകര്യവും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുമാണ് പ്രധാനമന്ത്രിയുടെ വിരുന്നിന് പോകാത്തതെന്ന് അവർ ഫേസ്ബുക്കിൽ വീഡിയോ. സന്ദേശത്തിലൂടെ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 12.15-ന് പുറപ്പെട്ട കേരള എക്സ്പ്രസിലാണ് മറ്റു കൗൺസിലർമാർ ഡൽഹിക്ക് പോയത്.

തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി കൗൺസിലർമാരെ നേരിട്ട് വിരുന്നിന് ക്ഷണിച്ചത്. എന്നാൽ, മേയർ സ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി നേരത്തെ തന്നെ പരസ്യമാക്കിയ ശ്രീലേഖ, മറ്റു കൗൺസിലർമാർക്കൊപ്പം യാത്ര ചെയ്യാത്തത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല മുൻ ഡിജിപി കൂടിയായ ആർ. ശ്രീലേഖ. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവായതും പ്രധാനമന്ത്രി പങ്കെടുത്ത മുൻപത്തെ ചടങ്ങിൽ നിന്ന് അവർ വിട്ടുനിന്നതും വിവാദമായിരുന്നു. ഇതിന് പിന്നാലെ ഡൽഹി യാത്രയും ഒഴിവാക്കിയത് ബിജെപി സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

ശ്രീലേഖ പറഞ്ഞത്

തിരുവനന്തപുരത്ത് ചരിത്ര വിജയമാണ് നേടിയത്. അപ്പോഴാണ് ദില്ലിയിൽ നിന്ന് വിളി വന്നത്. കേരള എക്സ്പ്രസിൽ കയറി പലയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര. തിരിച്ച് 13നാണ് എത്തുക. 14 പേരാണ് യാത്ര ചെയ്യാൻ ആദ്യം തീരുമാനിച്ചത്. ഈ പ്രായത്തിൽ കേരള എക്സ്പ്രസിൽ ഒരു യാത്ര നടത്താൻ പ്രയാസമാണ്. അത് പറഞ്ഞപ്പോൾ വിമാനം അറേഞ്ച് ചെയ്യാമെന്ന് ഓഫറുണ്ടായിരുന്നു. എന്നാല്‍, അനാവശ്യമായി പൈസ ചെലവാക്കുന്നത് തനിക്ക് എതിർപ്പുള്ള കാര്യമാണെന്ന് ശ്രീലേഖ വിശദീകരിച്ചു. വ്യക്തിപരമായി യാത്ര ചെയ്യുന്നതിലും തനിക്ക് ബുദ്ധിമുട്ടുണ്ട്. അമ്മയ്ക്ക് 94 വയസായി. വീട്ടിലെ സെര്‍വന്‍റ് ലീവിലായതിനാല്‍ അഞ്ച് ദിവസം മാറി നിൽക്കാൻ സാധിക്കില്ല. പ്രതിഷേധം കൊണ്ടോ ആരോടെങ്കിലുമുള്ള അനിഷ്ടം കൊണ്ടോ അല്ല പോകാത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പിൽ വിജയം നേടി. അഞ്ച് വര്‍ഷത്തേക്ക് മറ്റൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നാണ് തീരുമാനം.

R Sreelekha to Travel Separately for PM’s Reception for BJP Councillors in Delhi

More Stories from this section

family-dental
witywide