സിപിഐഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന ആരോപണം; കെ.സി. വേണുഗോപാലിന് വക്കീൽ നോട്ടീസയച്ച് സിപിഐഎം

കണ്ണൂരിൽ കള്ളവോട്ടിനായി സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിൻ്റെ ആരോപണത്തിൽ വക്കീൽ നോട്ടീസയച്ച് സിപിഐഎം. കെ.സി. വേണുഗോപാലിന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് വക്കീൽ നോട്ടീസയച്ചത്. കെ സി വേണുഗോപാലിൻ്റെ പ്രസ്‌താവന സിപിഎമ്മിനെ കളങ്കപ്പെടുത്തുന്നതാണെന്നും അതിനാൽ പ്രസ്‌താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നുമാണ് നോട്ടീസിലെ ആവശ്യം.

സിപിഐഎം നേതൃത്വത്തിൻ്റെ പിന്തുണയോടെ, കണ്ണൂരിൽ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ വ്യാജ ആധാർ കാർഡുകൾ നിർമിച്ച് ഇരട്ടവോട്ടിന് ശ്രമിക്കുന്നുണ്ടെന്നായിരുന്നു കെ.സി. വേണുഗോപാലിൻ്റെ ആരോപണം. കഴിഞ്ഞ ദിവസം, കല്യാശേരി, പയ്യന്നൂർ മണ്ഡലങ്ങളിലാണ് ഇത്തരത്തിൽ വ്യാജ ആധാർ കാർഡുകൾ നിർമിച്ച് ഇരട്ടവോട്ടിന് ശ്രമിക്കുന്നതെന്നും പയ്യന്നൂരിലെ സിപിഎം ഓഫീസിലാണ് വ്യാജ ആധാർ കാർഡ് നിർമാണം നടക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞിരുന്നു.

അതേസമയം, കെ.സി. വേണുഗോപാൽ തന്റെ ആരോപണത്തിൽ വെള്ളിയാഴ്ചയും ഉറച്ചുനിന്നു. കണ്ണൂരിൽ കള്ളവോട്ട് ചെയ്യാനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സിപിഎം ശ്രമിക്കുന്നതായി വ്യാപകമായ പരാതിയുണ്ടെന്നും ഇതിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും കെ.സി. വേണുഗോപാൽ വെള്ളിയാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

കൈരളി ചാനലിനെതിരെ ഹരിയാനയിലെ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനംചെയ്‌ത് പണം തട്ടിയെന്ന ആരോപണത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൈരളി ചാനൽ പുറത്തുവിട്ടത് മോർഫ് ചെയ്‌ത ചിത്രമാണ്. കൈരളി ചാനൽ അതിന് സമാധാനം പറയേണ്ടിവരും. സീറ്റ് കോഴയിൽ ആരോപണമുന്നയിച്ച വ്യക്തിക്കെതിരേ ഇതിനകം കേസ് നൽകിയിട്ടുണ്ട്. ഈ കേസ് ശനിയാഴ്ച ഹൈക്കോടതി ലിസ്റ്റ്ചെയ്യും. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തും തനിക്കെതിരേ ഇതുപോലെ മറ്റൊരു പ്രചാരണമുണ്ടായിരുന്നു. രാജസ്ഥാനിലെ ഖനിവ്യവസായത്തിൽ തനിക്ക് പങ്കെന്നായിരുന്നു അന്ന് ചിലർ പറഞ്ഞിരുന്നതെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Allegation that CPI(M) is making fake Aadhaar cards; CPI(M) sends legal notice to K.C. Venugopal

More Stories from this section

family-dental
witywide