രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഭാവനാസൃഷ്ടി; കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും, കുഞ്ഞികൃഷ്ണന്‍റെ പുസ്തകപ്രകാശനം സിപിഎം വിരുദ്ധരുടെ ഒത്തുചേരലായി: കെകെ രാഗേഷ്

പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഫണ്ട് തട്ടിയെന്ന ആരോപണം വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും പാർട്ടിയുടെ ഒരു നയാപൈസ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകപ്രകാശന ചടങ്ങിൽ നടന്നത് സി.പി.എം വിരുദ്ധരുടെ ഒത്തുചേരലാണെന്നും ആർ.എം.പി നേതാക്കൾ വരെ പങ്കെടുത്ത ആ വേദിയിൽ ഇടതുപക്ഷ ലേബലിൽ പലരും അണിനിരന്നതായും രാഗേഷ് ആരോപിച്ചു.

വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകത്തിലെ പരാമർശങ്ങൾ ടി.ഐ. മധുസൂദനനോടുള്ള വ്യക്തിപരമായ പകയിൽ നിന്ന് ഉണ്ടായതാണെന്ന് കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. പക മൂത്ത് അന്ധത ബാധിച്ചതുപോലെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങൾ ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിച്ച് തീർക്കേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില രസീത് ബുക്കുകൾ നഷ്ടപ്പെട്ടതായി വാർത്താസമ്മേളനത്തിൽ രാഗേഷ് സമ്മതിച്ചെങ്കിലും അത് പണം അപഹരിച്ചതിന് തെളിവല്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഫണ്ട് സംബന്ധിച്ച കണക്കുകൾ പാർട്ടി കുടുംബയോഗങ്ങളിൽ വിശദീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. ചാനലുകൾക്ക് മുന്നിൽ കണക്ക് വെളിപ്പെടുത്തില്ലെങ്കിലും ജനങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ വ്യക്തമാക്കും. പാർട്ടിയെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടി ജനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read

More Stories from this section

family-dental
witywide