വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കവേ തൃശൂരിൽ വീണ്ടും കിറ്റ് ആരോപണം. തൃശൂർ കേച്ചേരിയിലെ അച്ചാർ കമ്പനിയ്ക്കകത്ത് കിറ്റുകൾ കണ്ടെത്തി. ബിജെപി വിതരണത്തിനായി തയ്യാറാക്കിയ കിറ്റുകളെന്നാണ് ആരോപണം. 750 കിറ്റുകളാണ് കണ്ടെത്തിയത്. ആയിരത്തോളം വില വരുന്ന കിറ്റാണ് തയാറാക്കിയിരിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു.
ഗോഡൗണുകൾ കേന്ദ്രീകരിച്ച് കിറ്റുകൾ തയാറാക്കി വോട്ട് നേടാനുള്ള തന്ത്രമാണ് ബിജെപി ശ്രമിക്കുന്നതെന്നും ഗോഡൗൺ അടിയന്തരമായി അടച്ചുപൂട്ടണമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും എൽഡിഎഫ് അറിയിച്ചു. അതേസമയം, ബിജെപി പ്രവർത്തകന്റെ സഹോദരന്റെ കമ്പനിയിലാണ് കിറ്റുകൾ കണ്ടെത്തിയത്.
ഒരു ക്ഷേത്രത്തിൽ വിഷുവിന് വിതരണം ചെയ്യാൻ വേണ്ടി എത്തിച്ച കിറ്റുകളാണെന്നാണ് കമ്പനി അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ കിറ്റുകൾ ഇപ്പോൾ തന്നെ വിതരണം ചെയ്യുന്നുണ്ടെന്നും അച്ചാർ കമ്പനിയിൽ എങ്ങനെയാണ് ഭക്ഷ്യ കിറ്റുകൾ എത്തിയതെന്നും എൽഡിഎഫ് നേതാക്കൾ ചോദ്യമുയർത്തി. സമാനമായ കിറ്റ് ആരോപണം വാടാനപ്പള്ളിയിലും ഒളരിയിലും ഉയർന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.
Allegations that kits were again delivered to voters in Thrissur













