വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയ എയർ ഇന്ത്യ ക്യാപ്റ്റനെതിരെ കാനേഡിൻ അധികൃതർ നടപടി തേടുന്നു. സംഭവത്തിൽ സുരക്ഷാ അന്വേഷണം ആരംഭിച്ചതായും വ്യോമയാന നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ട്രാൻസ്പോർട്ട് കാനഡയുടെ ഫോറിന്‍ ഓപ്പറേഷൻസ് വിഭാഗം എയർ ഇന്ത്യയ്ക്ക് അയച്ച കത്തിൽ, 2025 ഡിസംബർ 23ന് നടത്തിയ രണ്ട് ബ്രെത്ത് അനലൈസർ പരിശോധനകളിൽ പൈലറ്റിന്റെ ശരീരത്തിൽ മദ്യം കണ്ടെത്തിയതായി പറയുന്നു.
അതേ ദിവസം വാൻകൂവറിൽ നിന്ന് വിയന്നയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ AI186 വിമാനമാണ് ഇയാൾ പറത്തേണ്ടിയിരുന്നത്. പൈലറ്റിന്റെ യോഗ്യതയെ കുറിച്ച് സംശയം ഉയർന്നതിനെ തുടർന്ന് റോയൽ കാനഡിയൻ മൗണ്ടഡ് പൊലീസ് (RCMP) ഇടപെട്ടുവെന്നും, വിമാനത്തിൽ നിന്ന് ഇറങ്ങാൻ നിർദേശിച്ചതിന് പിന്നാലെ പരിശോധന നടത്തിയതായും കത്തിൽ പറയുന്നു.
സംഭവത്തിൽ കാനഡൻ ഏവിയേഷൻ റെഗുലേഷൻസ് ലംഘിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എയർ ഇന്ത്യയ്ക്കും ബന്ധപ്പെട്ട ക്രൂ അംഗത്തിനും എതിരേ നിയമനടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ, എയർ ഇന്ത്യ സമഗ്രമായ ആഭ്യന്തര അന്വേഷണം നടത്തണമെന്നും, ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന തിരുത്തൽ നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്നും ട്രാൻസ്പോർട്ട് കാനഡ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മറുപടി 2026 ജനുവരി 26നകം നൽകണമെന്നാണ് ആവശ്യം.
ഡിസംബർ 23ന് AI186 വിമാനം അവസാന നിമിഷം വൈകിയിരുന്നു. കോക്ക്പിറ്റ് ക്രൂ അംഗത്തെ യാത്രയ്‌ക്ക് മുമ്പ് വിമാനത്തിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്നാണ് വൈകിയത്. പിന്നീട് മറ്റൊരു പൈലറ്റിനെ നിയമിച്ചാണ് വിമാനം പുറപ്പെട്ടത്. 2025 ഡിസംബർ 23ന് വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ട AI186 വിമാനം, ഒരു കോക്ക്പിറ്റ് ക്രൂ അംഗത്തെ യാത്രയ്‌ക്ക് മുമ്പ് ഒഴിവാക്കിയതിനെ തുടർന്ന് വൈകി. പൈലറ്റിന്റെ ഡ്യൂട്ടി യോഗ്യതയെ കുറിച്ച് കാനഡൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ എയർ ഇന്ത്യ വക്താവ് പറഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മറ്റൊരു പൈലറ്റിനെ നിയമിച്ചതിനാലാണ് വൈകിയത്. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ പൈലറ്റിനെ പറക്കൽ ചുമതലകളിൽ നിന്ന് മാറ്റിയിട്ടുണ്ട്. അന്വേഷണം സ്ഥിരീകരിക്കുന്ന നിയമലംഘനം കണ്ടെത്തിയാൽ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
Allegedly drunk on duty: Authorities seek action against Air India pilot in Canada











