
ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിൻ്റെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ, അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബികയ്‌ക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായി പ്രവർത്തിച്ചു എന്ന കുറ്റത്തിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ഡോ. ലളിതാംബികയെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്.
അഞ്ച് വർഷം മുൻപ് (2021 മേയിൽ) വണ്ടാനം മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറ്റിൽ കുടുങ്ങിയത്. കഠിനമായ വയറുവേദനയെത്തുടർന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്.
ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോ. ഷാഹിദയെയും നഴ്സ് ധന്യയെയും നേരത്തെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഉഷയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ശസ്ത്രക്രിയ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
തനിക്ക് ഇത്തരമൊരു ശസ്ത്രക്രിയയെക്കുറിച്ച് ഓർമ്മയില്ലെന്നും, വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയാലും ദശകങ്ങളോളം വലിയ പ്രശ്നങ്ങളില്ലാതെ ഇരിക്കാമെന്നുമുള്ള ഡോക്ടറുടെ പ്രതികരണം വലിയ വിവാദമായിട്ടുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Ambalappuzha police register case against Dr. Lalithambika for forgetting scissors in stomach during surgery













