അമേരിക്കയും ഇറാനും ഉടൻ ചർച്ചയ്ക്ക്; വേദിയൊരുക്കാൻ പാകിസ്ഥാൻ; പിന്തുണയുമായി സൗദിയും തുർക്കിയും, യുദ്ധം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കം

ഇസ്‌ലാമാബാദ്: ഒരു മാസം പിന്നിടുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ ഉടൻ ആതിഥേയത്വം വഹിക്കുമെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്ച ഇസ്‌ലാമാബാദിൽ നടന്ന പ്രാദേശിക നയതന്ത്ര പ്രതിനിധികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചർച്ചകൾ വരും ദിവസങ്ങളിൽ തന്നെ നടക്കുമെന്നും എന്നാൽ ഇത് നേരിട്ടുള്ള കൂടിക്കാഴ്ചയാണോ അതോ പരോക്ഷമായ ചർച്ചയാണോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ചർച്ചയുടെ വേദിയോ കൃത്യമായ തീയതിയോ പുറത്തുവിട്ടിട്ടില്ല. പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും ആത്മവിശ്വാസം പ്രകടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് ഇഷാഖ് ദാർ പറഞ്ഞു.

തുർക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാൻ്റെ സമാധാന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ അടുത്ത യോഗം തിങ്കളാഴ്ച നടക്കും.

ഇറാൻ, യുഎസ്, ഇസ്രായേൽ എന്നിവർക്കിടയിൽ പോരാട്ടം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം. അമേരിക്ക കരയാക്രമണം നടത്തുന്നതിനെതിരെ ഇറാൻ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം കാരണം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്.

വാഷിംഗ്ടണുമായും ടെഹ്‌റാനുമായും ഒരേപോലെ നല്ല ബന്ധം പുലർത്തുന്നതാണ് മധ്യസ്ഥനായി പാകിസ്ഥാൻ ഉയർന്നു വരാൻ കാരണം. ആഴ്ചകൾ നീണ്ട രഹസ്യ നയതന്ത്ര നീക്കങ്ങൾക്കൊടുവിലാണ് ഇപ്പോൾ പരസ്യമായ ചർച്ചകളിലേക്ക് കാര്യങ്ങൾ എത്തിയത്. അതേസമയം, വിഷയത്തിൽ അമേരിക്കയോ ഇറാനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

America and Iran to hold talks soon; Pakistan to set the stage; Saudi Arabia and Turkey to support, decisive move to end the war

More Stories from this section

family-dental
witywide