അമേരിക്കൻ ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റ് ഹെയ്ഡി ലെവിന് വെസ്റ്റ് ബാങ്കിൽ വാർത്താ റിപ്പോർട്ടിങ്ങിനിടെ ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച വാഷിങ്ടൺ പോസ്റ്റിനുവേണ്ടി റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. റമല്ലയ്ക്കു സമീപമുള്ള അബു ഫലാഹ് പട്ടണത്തിൽ ഒലിവ് വിളവെടുപ്പ് തടസ്സപ്പെടുത്താനെത്തിയ ഇസ്രയേൽ കുടിയേറ്റക്കാരാണ് ലെവിനെ ആക്രമിച്ചതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
മധ്യ വെസ്റ്റ് ബാങ്കിലെ അബു ഫലാഹ്, തുർമുസ് അയാ ഗ്രാമങ്ങൾക്കു സമീപം ജോലി ചെയ്യുന്നതിനിടെ മുഖംമൂടി ധരിച്ച 50-ലേറെ പേർ ആക്രമിച്ചെന്ന് ഹെയ്ഡി ലെവിൻ ആശുപത്രിയിൽനിന്ന് മാധ്യമങ്ങളോട് പറഞ്ഞു. 80-ഓളം കുടിയേറ്റക്കാരുടെ ആക്രമണത്തിൽ കുറഞ്ഞത് ആറു പലസ്തീനികൾക്കും പരിക്കേറ്റു. ആക്രമണത്തിനിടെ പലസ്തീനികൾ കല്ലെറിഞ്ഞ് തിരിച്ചടിച്ചതോടെ സമീപത്തുണ്ടായിരുന്ന ഇസ്രയേൽ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്.
ആക്രമിച്ച സംഘം തന്നെ പലതവണ ചവിട്ടിയെന്ന് ലെവിൻ പറഞ്ഞു. എന്നെ ആക്രമിച്ച് നിലത്തേക്ക് തള്ളിയിട്ടു. ബുള്ളറ്റ് പ്രതിരോധ ജാക്കറ്റും ഹെൽമെറ്റും ഉണ്ടായിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. അവർ തുടർച്ചയായി എന്നെ ചവിട്ടിക്കൊണ്ടിരുന്നുവെന്നും ഹെയ്ഡി ലെവിൻ പ്രതികരിച്ചു.
അതേസമയം, സംഘർഷത്തെ തുടർന്നാണ് സൈന്യം ഇടപെട്ടതെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന വിദേശ മാധ്യമപ്രവർത്തകരിൽ ഒരു വനിതാ മാധ്യമപ്രവർത്തകയ്ക്ക് പരിക്കേറ്റതായും സൈന്യം സ്ഥിരീകരിച്ചു. നിരപരാധികളായ സാധാരണക്കാർക്കെതിരായ ആക്രമണവും അക്രമവും അംഗീകരിക്കാനാവാത്ത ഗുരുതരമായ നടപടികളാണെന്നും സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
ലെവിന് പരിക്കേറ്റതായി ജറുസലേമിലെ യുഎസ് എംബസി സ്ഥിരീകരിച്ചു. എന്നാൽ സ്വകാര്യതാ നിയമങ്ങൾ ചൂണ്ടിക്കാട്ടി കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ചു. അമേരിക്കൻ പൗരന്മാരുടെ സംരക്ഷണത്തിനാണ് ഏറ്റവും ഉയർന്ന പരിഗണനയെന്ന് എംബസി വക്താവ് പറഞ്ഞു. ആക്രമണത്തിൽ വാഷിങ്ടൺ പോസ്റ്റ് എക്സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മുറെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമപ്രവർത്തകയാണെന്ന് വ്യക്തമായി തിരിച്ചറിയാവുന്ന അടയാളങ്ങൾ ധരിച്ചാണ് ലെവിൻ ജോലി ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും മുറെ ആവശ്യപ്പെട്ടു.
പലസ്തീനിൽ ഒലിവ് വിളവെടുപ്പ് സീസൺ ഒക്ടോബർ മധ്യത്തിലാണ് ആരംഭിക്കുന്നത്. ഇസ്രയേലിലെ തിരഞ്ഞെടുപ്പുകാലത്തോട് ഒത്തുവരുന്ന ഈ സമയത്ത് വിളവെടുപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഒലിവ് വിളവെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ എഎഫ്പി ഫോട്ടോഗ്രാഫർ ജാഫർ അഷ്ടിയയെ ഇസ്രയേൽ കുടിയേറ്റക്കാർ മർദിച്ച് പത്ത് ദിവസം പിന്നിടുമ്പോഴാണ് ലെവിന് നേരെയും ആക്രമണമുണ്ടായത്.
American freelance photojournalist Heidi Levine was injured in an attack in West Bank Friday while on assignment for the Washington Post.











