ഓപ്പറേഷൻ സിന്ദൂർ വെടിനിർത്തലിൽ അമേരിക്കൻ ഇടപെടൽ പുറത്ത്; അമേരിക്കൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായി രേഖകൾ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ അംഗീകരിച്ച മെയ് 10-ന് വാഷിങ്‌ടണിലെ ഇന്ത്യൻ എംബസി ട്രംപ് ഭരണകൂടത്തിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതിന് രേഖകളെന്ന് ദ ഹിന്ദു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയ അമേരിക്കൻ നീതിന്യായ വകുപ്പിൻ്റെ (DoJ) ഫോറിൻ ഏജൻ്റ് രജിസ്ട്രേഷൻ ആക്റ്റ് (FARA) ഫയലിംഗുകൾ പുറത്ത് വന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്ക ഇടപെട്ടുവെന്ന ആരോപണം നരേന്ദ്ര മോദി സർക്കാർ തുടർച്ചയായി നിഷേധിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.

അമേരിക്കൻ ലോബിയിംഗ്-പബ്ലിക് അഫയേഴ്സ് സ്ഥാപനം (SHW LLC) ഇതിനായി നടത്തിയ ഇടപെടലുകളുടെ വിവരങ്ങളാണ് ചോർന്നത്. ഇതു സംബന്ധിച്ച വാർത്തയാണ് “ദ ഹിന്ദു” റിപ്പോർട്ട് ചെയ്യുന്നത്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, യു എസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ, നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ റിക്കി ഗിൽ എന്നിവരുമായി ബന്ധപ്പെടുത്താൻ ലോബിയിങ് സ്ഥാപനം ഇടനില നിന്നുവെന്നാണ് വാർത്തയിൽ പറയുന്നത്.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഡെപ്യൂട്ടി എൻഎസ്എ പവൻ കപൂർ, ഇന്ത്യൻ അംബാസിഡർ വിനയ് ക്വാത്ര എന്നിവർക്ക് യു എസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ ഒരുക്കി നൽകിയതായാണ് SHW LLC യെ കുറിച്ചുള്ള ഫയലിംഗുകൾ വ്യക്തമാക്കുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ചർച്ച ചെയ്യാൻ എന്ന പേരിലായിരുന്നു കൂടിക്കാഴ്ചയെന്നും പറയുന്നു. യു എസ് ട്രേഡ് റെപ്രസൻ്റേറ്റീവ് ജാമിസൺ ഗ്രീറിന്റെ പേരും ഇടനിലക്കായി ബന്ധപ്പെട്ടവരുടെ പേരുകളുടെ കുട്ടത്തിലുണ്ട് എന്നത് ഇതിലെ വ്യാപാര ബന്ധത്തിനും അടിവരയിടുന്നു.

സാധാരണയായി ഇത്തരം ഇടപെടലുകൾ എംബസികൾ നേരിട്ട് നടത്തുന്നതാണെന്നും, ട്രംപ് ഭരണകൂടം പുതിയ “എൻഗേജ്മെന്റ് നിയമങ്ങൾ” നടപ്പാക്കിയതിൻ്റെ സൂചനയാണ് ഈ ഇടനിലയെ ഏർപ്പെടുത്തിയതെന്നും വിലയിരുത്തുന്നു. എന്നാൽ, ഇത്തരം ലോബിയിങ് ഏജൻസികളുമായി ട്രംപിൻ്റെ ബന്ധങ്ങൾ നേരത്തെ ആരോപണ വിധേയമായിരുന്നു. വ്യാപാര ചർച്ചകൾക്കും ട്രംപും മോദിയും തമ്മിലുള്ള മീഡിയ പോസ്റ്റുകൾ പരസ്‌പരം “ഫ്ലാഗ്” ചെയ്യിക്കുന്നതിലും വരെ ഈ ലോബിയിങ് സ്ഥാപനം വഴികാട്ടുന്നുവെന്നും പ്രതിഫലം വാങ്ങിയുള്ള ഇടനിലയാണിതെന്നുമാണ് ദ ഹിന്ദു വാർത്തയിൽ പറയുന്നത്.

അതേസമയം, ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയെ തടയുന്നതിനായി പാകിസ്താൻ വാഷിങ്ടണിൽ ശക്തമായ ലോബിയിംഗ് നടത്തിയെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. 2025 മെയ് മാസത്തിൽ നടന്ന ഈ സൈനിക നടപടിക്കിടെ ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങൾ തടയാൻ പാകിസ്താൻ യുഎസ് സർക്കാരിന്മേൽ വലിയ നയതന്ത്ര സമ്മർദ്ദം ചെലുത്തിയതായി പുതിയ യുഎസ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നുവെന്നാണ് എൻഡിടിവി പറയുന്നത്.

എൻഡിടിവി പരിശോധിച്ച രേഖകൾ പ്രകാരം, ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനും പിന്നീട് വെടിനിർത്തൽ പൂർണമായി നടപ്പാക്കിയതിനുമിടയിൽ, പാകിസ്താൻ നയതന്ത്ര-പ്രതിരോധ ഉദ്യോഗസ്ഥർ 50-ലധികം യോഗങ്ങൾക്കായി യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, എംപിമാർ, സ്വാധീനമുള്ള മാധ്യമങ്ങൾ എന്നിവരെ സമീപിച്ചു. ഈ രേഖകൾ യുഎസിലെ ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട് (FARA) പ്രകാരം സമർപ്പിച്ചതാണ്. ഇതനുസരിച്ച്, യുഎസിലെ പാകിസ്താൻ അംബാസഡറും പ്രതിരോധ അറ്റാഷെയും 60-ലധികം ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും ഇമെയിൽ, ഫോൺ കോളുകൾ, നേരിട്ടുള്ള കൂടിക്കാഴ്ചകൾ എന്നിവ വഴി തുടർച്ചയായി പാകിസ്ഥാൻ സമീപിച്ചുവെന്ന് പറയുന്നു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ 2025 ഏപ്രിലിൽ നടന്ന പാകിസ്താൻ പിന്തുണയുള്ള ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ആരംഭിച്ച സൈനിക നീക്കം “എന്തെങ്കിലും വിധത്തിൽ നിർത്താൻ” യുഎസ് ഇടപെടൽ ഉണ്ടാകണമെന്നതായിരുന്നു പാകിസ്താന്റെ പ്രധാന ലക്ഷ്യം. കോൺഗ്രസ്, പെന്റഗൺ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവയ്ക്കൊപ്പം പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകരെയും പാകിസ്താൻ സമീപിച്ചു. കശ്മീർ വിഷയം, മേഖലാ സുരക്ഷ, അപൂർവ ധാതുക്കൾ, ഇരുരാജ്യ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്‌തതോടൊപ്പം, പ്രമുഖ യുഎസ് മാധ്യമങ്ങളുമായി അഭിമുഖങ്ങളും പശ്ചാത്തല വിശദീകരണങ്ങളും തേടി.

ചില രേഖകളിൽ ഈ ശ്രമങ്ങളെ “പാകിസ്താന്റെ തുടർച്ചയായ പ്രതിനിധാനം ” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ലോബിയിംഗ് നീക്കത്തിന്റെ ശക്തിയും സ്ഥിരതയും വ്യക്തമാക്കുന്നു. ഈ നീക്കങ്ങൾ ഒറ്റപ്പെട്ടതല്ല. 2025 നവംബറിൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതുപ്രകാരം, ട്രംപ് ഭരണകൂടത്തിൽ വേഗത്തിലുള്ള പ്രവേശനം നേടാനും അനുകൂലമായ വ്യാപാര-നയതന്ത്ര നേട്ടങ്ങൾ ഉറപ്പാക്കാനുമായി പാകിസ്താൻ ആറ് ലോബിയിംഗ് സ്ഥാപനങ്ങളുമായി കരാർ ഒപ്പുവെച്ചിരുന്നു. ഇതിന് പ്രതിവർഷം ഏകദേശം 50 ലക്ഷം ഡോളർ ചെലവഴിച്ചിരുന്നുവെന്നും എൻഡിടിവി പറയുന്നു.

ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണത്തിൽ, ഏപ്രിൽ-മെയ് മാസങ്ങളിൽ പാകിസ്താൻ ലോബിയിംഗിനായി ചെലവഴിച്ച തുക ഇന്ത്യയേക്കാൾ കുറഞ്ഞത് മൂന്നു മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. യുഎസ്–പാകിസ്താൻ ബന്ധങ്ങളിൽ മുമ്പുണ്ടായിരുന്നതിൽ നിന്ന് വലിയ മാറ്റമായാണ് ഈ നയമാറ്റങ്ങളെ പത്രം വിശേഷിപ്പിച്ചത്. ട്രംപിനെ പരസ്യമായി പ്രശംസിക്കൽ, അദ്ദേഹത്തിന്റെ പേര് നോബൽ സമാധാന പുരസ്‌കാരത്തിന് നിർദേശിക്കൽ, വൻ വ്യാപാര ഇളവുകൾ തേടൽ എന്നിവ ഇതിന്റെ ഭാഗമായിരുന്നു.

ഇന്ത്യയുടെ യുദ്ധനീക്കം നിയന്ത്രിക്കാൻ അടിയന്തിരമായി വാഷിങ്ടണിനെ സമീപിച്ച പാകിസ്താന്റെ ശ്രമങ്ങളാണ് ഇതിലൂടെ പുറത്തുവരുന്നത്. യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ കരാറിനായി താൻ ഇടപെടൽ നടത്തിയതായി അവകാശപ്പെട്ട് പലതവണ രംഗത്തെത്തിയിരുന്നു. സംഘർഷം അവസാനിപ്പിക്കാൻ വിശേഷിച്ചും വ്യാപാര വിലക്കുകൾ വരെ ഉപയോഗിച്ചതായും പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ഇവയെല്ലാം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു.

American involvement in Operation Sindoor ceasefire out; Documented contacts with American officials

More Stories from this section

family-dental
witywide