അമേരിക്കൻ മാധ്യമപ്രവർത്തകയെ ഇറാഖിൽ തട്ടിക്കൊണ്ടുപോയി; പിന്നിൽ ഇറാൻ അനുകൂല സായുധ സംഘമെന്ന് സംശയം

വാഷിംഗ്ടൺ: പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് ഇറാഖി ഉദ്യോഗസ്ഥരും അമേരിക്കൻ വൃത്തങ്ങളും സ്ഥിരീകരിച്ചു. ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ‘കതൈബ് ഹിസ്ബുള്ള’യുടെ ഭാഗത്തുനിന്ന് ഷെല്ലിക്ക് വധഭീഷണിയുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

അജ്ഞാത സംഘം ഒരു വിദേശ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിടിയിലായ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഷെല്ലി കിറ്റിൽസണെ ലക്ഷ്യമിട്ട് കതൈബ് ഹിസ്ബുള്ള നീക്കം നടത്തുന്നതായി യുഎസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി സിഎൻഎൻ നാഷണൽ സെക്യൂരിറ്റി അനലിസ്റ്റ് അലക്സ് പ്ലിറ്റ്‌സാസ് പറഞ്ഞു. വനിതാ മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടുപോകാനോ വധിക്കാനോ ഈ സംഘടന പദ്ധതിയിട്ടിരുന്നതായും അവരുടെ ‘ഹിറ്റ് ലിസ്റ്റിൽ’ ഷെല്ലിയുടെ പേരുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രിയും യുഎസ് അധികൃതർ ഷെല്ലിക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ഭീഷണി വ്യാജമാണെന്നാണ് ഷെല്ലി കരുതിയിരുന്നതെന്ന് അവരുടെ സുഹൃത്തുക്കൾ പറയുന്നു. സംഭവത്തിൽ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

American journalist kidnapped in Iraq; pro-Iranian armed group suspected

More Stories from this section

family-dental
witywide