” ഞാൻ ആദ്യമായി ഉണ്ടാക്കിയ ഭക്ഷണം വായിൽവയ്ക്കാൻ കൊള്ളില്ലായിരുന്നു, അത് കഴിച്ചിട്ടും ഉഷ എന്നെ വിട്ടുപോയില്ല, ഇപ്പോഴുണ്ടാക്കുന്നതിൽ മികച്ച വിഭവം ഷോകുപാൻ”- ജെഡി വാൻസ്

തൻ്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള രസകരമായ ചില നിമിഷങ്ങൾ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കുവെച്ചു. ഭാര്യ ഉഷ വാൻസിനായി താൻ പാകം ചെയ്തതിൽ ഏറ്റവും മികച്ചതും മോശവുമായ വിഭവങ്ങൾ ഏതൊക്കെയാണെന്ന അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തലുകൾ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. തൻ്റെ ആദ്യത്തെ പാചകശ്രമം “ഭക്ഷ്യയോഗ്യമല്ലാത്ത” ഒന്നായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. ഫോക്സ് ന്യൂസിൽ ലാറ ട്രംപുമായി നടത്തിയ അഭിമുഖത്തിലാണ് വാൻസ് തൻ്റെ പാചക നൈപുണ്യത്തെക്കുറിച്ച് സംസാരിച്ചത്.

വാൻസിനെ പരിചയപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന് പാചകം അറിയില്ലായിരുന്നു എന്ന് ഉഷ നേരത്തെ സൂചിപ്പിച്ചിരുന്നു. “ഏറ്റവും മോശമായ വിഭവം ഏതാണെന്ന് പറയാൻ എളുപ്പമാണ്,” വാൻസ് പറഞ്ഞു. “ഉഷ സസ്യാഹാരിയാണ്, ഞാൻ അല്ല. അതുകൊണ്ട് ഒരു സസ്യാഹാരി എന്താണ് കഴിക്കുക എന്ന് ഞാൻ ചിന്തിച്ചു. ഞാൻ കടയിൽ പോയി കുറച്ച് ‘ക്രെസൻ്റ് റോൾസ്’ വാങ്ങി അത് പിസ്സയുടെ ആകൃതിയിൽ പരത്തി എടുത്തു… അത് അരോചകമായിരുന്നു. സത്യം പറഞ്ഞാൽ അത് കഴിക്കാൻ കൊള്ളില്ലായിരുന്നു.”

തങ്ങളുടെ ബന്ധത്തിൻ്റെ ആദ്യനാളുകളെക്കുറിച്ച് അദ്ദേഹം ഓർത്തെടുത്തു. “ആ വിഭവം കഴിച്ചിട്ടും ഞങ്ങളുടെ ബന്ധം തകരാതെ മുന്നോട്ട് പോയത് അത്ഭുതമാണ്. കാരണം ആദ്യമായാണ് ഞാൻ അവൾക്കായി അന്ന് പാചകം ചെയ്തത്.”- വാൻസ് ചിരിച്ചുകൊണ്ട് അനുഭവം പങ്കുവെച്ചു.

കാലക്രമേണ പാചകത്തിൽ താൻ വളരെയധികം മെച്ചപ്പെട്ടുവെന്ന് വൈസ് പ്രസിഡൻ്റ് പറഞ്ഞു. “ഇപ്പോൾ ഞാൻ നന്നായി പാചകം ചെയ്യും. നല്ല ബ്രിയോഷ് ബ്രെഡ് (Brioche bread) ഉണ്ടാക്കാൻ എനിക്കറിയാം.” അഭിമുഖത്തിൽ പങ്കുചേർന്ന ഉഷ വാൻസ്, അദ്ദേഹത്തിൻ്റെ പാചകത്തിലെ പുതിയ പരീക്ഷണങ്ങളെക്കുറിച്ച് പറഞ്ഞു. “അടുത്തിടെയായി അദ്ദേഹം ഷോകുപാൻ (Shokupan – ജാപ്പനീസ് മിൽക്ക് ബ്രെഡ്) ഉണ്ടാക്കുന്നുണ്ട്. കുറച്ചു കാലമായി അദ്ദേഹം അത് പരിശീലിക്കുന്നു, ഇപ്പോൾ വളരെ നന്നായി ഉണ്ടാക്കുന്നുണ്ട്.”

ദമ്പതികളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള അപൂർവ്വമായ ഒരു കാഴ്ചയായിരുന്നു ഈ സംഭാഷണം. 2010-ൽ യേൽ ലോ സ്കൂളിൽ വെച്ച് കണ്ടുമുട്ടിയ ഇവർക്ക് ഇവാൻ, വിവേക്, മിറാബെൽ എന്നിങ്ങനെ മൂന്ന് കുട്ടികളുണ്ട്. തങ്ങളുടെ നാലാമത്തെ കുഞ്ഞിനായുള്ള (ആൺകുട്ടി) കാത്തിരിപ്പിലാണ് ഇരുവരും. തൻ്റെ രാഷ്ട്രീയ വളർച്ചയിൽ ഭാര്യ നൽകുന്ന പിന്തുണയെ വാൻസ് എപ്പോഴും പ്രശംസിക്കാറുണ്ട്. “നല്ലൊരു അമ്മയായും ഭാര്യയായും പിന്തുണ നൽകുന്ന വ്യക്തിയായുമാണ് ആണ് ഞാൻ അവളെ കാണുന്നത്. കുട്ടികൾക്ക് നല്ലൊരു ജീവിതം നൽകാൻ അവൾ എന്നും ശ്രദ്ധിക്കുന്നു,” അദ്ദേഹം പറഞ്ഞു.

പ്രശസ്തിയോട് ഒട്ടും താല്പര്യമില്ലാത്ത വ്യക്തിയാണ് ഉഷയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. “ലൈംലൈറ്റിൽ നിൽക്കാൻ ആഗ്രഹിക്കാത്ത ഒരാളാണവൾ. ജനക്കൂട്ടത്തിന് മുന്നിൽ വരാനല്ല, മറിച്ച് തൻ്റെ കുട്ടികൾക്ക് നല്ലൊരു ജീവിതം നൽകാനും മികച്ച രീതിയിൽ സേവനം ചെയ്യാനുമാണ് അവൾ ആഗ്രഹിക്കുന്നത്.”- വാൻസ് പറഞ്ഞു.

American Vice President J.D. Vance shared some interesting moments about his married life.

More Stories from this section

family-dental
witywide