അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീട് ആക്രമിച്ചത് കോടീശ്വര കുടുംബത്തിലെ മാനസിക പ്രശ്‌നം നേരിടുന്നയാൾ

വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഒഹിയോയിലെ വീട്ടിൽ അതിക്രമിച്ച് കയറിയത് കോടീശ്വര കുടുംബത്തിലെ മാനസിക പ്രശ്‌നം നേരിടുന്നയാൾ. യുവാവ് നേരത്തേയും ഇത്തരത്തിൽ ചുറ്റിക ഉപയോഗിച്ച് ഒട്ടേറെ ജനവാതിലുകൾ തകർത്ത കേസുകളിൽ പ്രതിയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, മാനസിക വെല്ലുവിളി നേരിടുന്നു എന്ന കാരണത്താൽ മിക്ക കേസുകളിലും ഇയാളെ വെറുതെവിടുകയായിരുന്നു.

ആക്രമണം നടത്തിയ വില്യം ഡിഫോർ ഒരു പ്രമുഖ കോടീശ്വര കുടുംബത്തിലെ അംഗമാണെന്നു കണ്ടെത്തിയിട്ടുണ്ട്. സിൻസിനാറ്റി സ്വദേശിയാണ്. ശസ്ത്രക്രിയാ വിദഗ്‌ധനായ വില്യമിന്റെയും ശിശുരോഗവിദഗ്ധ കാതറിന്റെയും മകനാണ്. ട്രാൻസ്ജെൻഡർ ആണോ എന്ന് വ്യക്തമല്ലെങ്കിലും ഡിഫോർ അടുത്തിടെ ‘ജൂലിയ’ എന്ന പേരിലും അറിയപ്പെട്ടിരുന്നു

2018-ൽ ഏകദേശം 1.4 മില്യൺ ഡോളറിന്(12.63 കോടി രൂപ) വില്യം ഹോവാർഡ് ടാഫ്റ്റ് ഡ്രൈവിലുള്ള ഈസ്റ്റ് വാൽനട്ട് ഹിൽസ് സമീപത്ത് വാൻസും ഭാര്യ ഉഷയും കൂടി വാങ്ങിയ ഒഹിയോ വീട്ടിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ 26 വയസ്സുകാരനായ ഇയാൾക്കെതിരെ ഒട്ടേറെ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ജനുവരി അഞ്ചിന് അർദ്ധരാത്രിയിലാണ് സംഭവം. വാൻസിന്റെ വീട്ടിൽനിന്ന് ഒരു വലിയ ശബ്‌ദം കേട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ അസ്വാഭാവികത ശ്രദ്ധിച്ചത്. ഈ സമയം ഡിഫോർ ചുറ്റിക ഉപയോഗിച്ച് ജനൽ തകർത്ത് വീട്ടിനകത്തേക്കു പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണസമയത്ത് വാൻസോ ഭാര്യ ഉഷ വാൻസോ വീട്ടിലുണ്ടായിരുന്നില്ല. ആക്രമണം ഉണ്ടാവുന്നതിൻ്റെ തലേന്ന് ദമ്പതികൾ വാഷിംഗ്‌ടണിൽ എത്തിയിരുന്നു.

ആക്രമണത്തിൽ ഏകദേശം 25 ലക്ഷം രൂപയിലധികം നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്ന് സിൻസിനാറ്റിയിലെ യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു. ഇയാൾ സുരക്ഷാസേനയുടെ വാഹനത്തിനും കേടുപാടുകൾ വരുത്തി. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. കഴിഞ്ഞ വർഷം, ഹൈഡ് പാർക്കിലെ ഒരു ബിസിനസ് സ്ഥാപനത്തിലെ ജനലുകൾ തകർത്തതിന് ഡിഫോറിനെതിരെ കുറ്റം ചുമത്തിയെങ്കിലും ആ കേസ് മാനസികാരോഗ്യ ഡോക്കറ്റിലേക്ക് റഫർ ചെയ്യുകയും വിധിക്ക് പകരം ചികിത്സ അനുവദിക്കുകയും ചെയ്തിരുന്നു.

നേരത്തെ, 2023 ൽ, യുഎസ് ഹെൽത്ത് സൈക്യാട്രിക് എമർജൻസി സർവീസസിൽ അതിക്രമിച്ചു കയറിയതിന് ഡിഫോറിനെതിരെ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ല എന്ന് ജഡ്ജി തീരുമാനിച്ചതിനെ തുടർന്ന് കുറ്റങ്ങൾ എഴുതിത്തള്ളി.

American Vice President J.D. Vance’s home is invaded by a mentally disturbed man from a millionaire family

More Stories from this section

family-dental
witywide