ഗ്രീൻലാൻഡ് അമേരിക്കയുടെയും ലോകത്തിന്റെയും പ്രതിരോധത്തിന് നിർണായകമാണെന്നും അതിനെ സുരക്ഷിതമാക്കുന്നതിൽ യൂറോപ്പും ഡെൻമാർക്കും ശരിയായ രീതിയിൽ പ്രവർത്തിച്ചിട്ടില്ലെന്നും അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി. വാൻസ്. ഫോക്സ് ന്യൂസിനോട് സംസാരിക്കവേയാണ് ജെഡി വാൻസ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ഗ്രീൻലാൻഡിന്റെ പ്രതിരോധ മേഖലയിൽ ആവശ്യമായ നിക്ഷേപം നടന്നിട്ടില്ലെന്നും പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഉന്നയിച്ച വിഷയങ്ങളെ യൂറോപ്പ് ഗൗരവമായി എടുത്തില്ലെന്നും വാൻസ് പറഞ്ഞു.
ഡെൻമാർക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് വാങ്ങുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ അമേരിക്ക സജീവമായി നടത്തുകയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഗ്രീൻലാൻ്റ് അമേരിക്കയിൽ ചേർക്കുന്നതിനുള്ള സൈനിക നടപടി പോലും പരിഗണനയിൽ ഉണ്ടെന്ന സൂചനയും നേരത്തേ പുറത്തുവന്നിരുന്നു.
അതേസമയം, നാറ്റോ അംഗമായ ഡെൻമാർക്ക് ഇത്തരം നീക്കം സഖ്യത്തിനുതന്നെ ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നൽകി. ഗ്രിൻലാൻഡും ഡെൻമാർക്കും ദ്വീപ് വിൽപ്പനയ്‌ക്കല്ലെന്നും ആവർത്തിച്ചു. വടക്കേ അമേരിക്ക–ആർക്ക്ടിക് മേഖലയ്ക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻലാൻഡ് മിസൈൽ മുന്നറിയിപ്പ് സംവിധാനങ്ങളും പ്രദേശത്തെ കപ്പൽ ഗതാഗത നിരീക്ഷണവും നടത്തുന്നതിനുള്ള പ്രധാന കേന്ദ്രമാണ്. രണ്ടാം ലോകമഹായുദ്ധകാലം മുതൽ അമേരിക്കയുടെ Pituffik Space Base പ്രവർത്തിപ്പിച്ചുവരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മഞ്ഞ് ഉരുകുന്നതോടെ അപൂർവ ധാതുക്കൾ, യുറേനിയം, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള വിഭവങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാകുന്നതും ഗ്രീൻലാൻഡിനുള്ള താൽപര്യം വർധിപ്പിക്കുന്നതുമാണ്. എണ്ണയും വാതകവും വൻശേഖരമായി ഉണ്ടാകാമെന്ന വിലയിരുത്തലും നിലനിൽക്കുന്നു. മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വലിയൊരു ഭാഗം ഗ്രിൻലാൻഡിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം പലർക്കും അറിയില്ല എന്നും റഷ്യയോ ചൈനയോ മിസൈൽ പ്രയോഗിച്ചാൽ പ്രതിരോധത്തിൽ ഗ്രീൻലാൻഡ് നിർണായകമാണെന്നും വാൻസ് കൂട്ടിച്ചേർത്തു.
2019-ൽ ഗ്രിൻലാൻഡ് വാങ്ങാൻ നടത്തിയ ട്രംപിന്റെ നീക്കം ഡെൻമാർക്ക് നിരസിച്ചിരുന്നു. അടുത്ത ആഴ്ച ഡെൻമാർക്കുമായി ചർച്ച നടത്തുമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഡെൻമാർക്കിനൊപ്പം യൂറോപ്യൻ നേതാക്കൾ ഐക്യദാർഢ്യം രേഖപ്പെടുത്തി. “ഗ്രിൻലാൻഡ് ജനങ്ങളുടേതാണ്; അവരുടെ ബന്ധത്തെക്കുറിച്ചുള്ള തീരുമാനം ഡെൻമാർക്കും ഗ്രിൻലാൻഡിനും മാത്രമേ എടുക്കാനാകൂ,” എന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
American Vice President JD Vance said that Europe and Denmark have failed in Greenland security














