“അമേരിക്കൻ തൊഴിലാളികൾക്ക് സ്വന്തം രാജ്യത്ത് മുൻഗണന നൽകണം”; H-1B വിസക്കാർക്ക് 1.40 ലക്ഷം ഡോളർ ശമ്പളപരിധി ബില്ലുമായി റിപ്പബ്ലിക്കൻ നേതാക്കൾ

“അമേരിക്കൻ തൊഴിലാളികൾക്ക് സ്വന്തം രാജ്യത്ത് മുൻഗണന നൽകണം” എന്ന മുദ്രാവാക്യവുമായി അമേരിക്കയിലെ എച്ച്-1ബി വിസ നിയമങ്ങളിൽ മാറ്റം വരുത്തി ശമ്പളപരിധി ഉയർത്താൻ പുതിയ ബില്ലുമായി റിപ്പബ്ലിക്കൻ നേതാക്കൾ. വിദേശ തൊഴിലാളികളെ കുറഞ്ഞ ശമ്പളത്തിൽ നിയമിക്കുന്നത് തടയുകയാണ് ലക്ഷ്യം. അമേരിക്കൻ തൊഴിലാളികൾക്ക് സ്വന്തം രാജ്യത്ത് മുൻഗണന നൽകണമെന്നാണ് ബിൽ അവതരിപ്പിച്ച നേതാക്കളുടെ നിലപാട്.

വിസ പദ്ധതി നിർത്തലാക്കണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. എച്ച്-1ബി വിസക്കാരെ കൂടുതലായി നിയമിക്കുന്ന കമ്പനികൾക്ക് അമേരിക്കൻ തൊഴിലാളികൾക്കുള്ള ചില സംരക്ഷണങ്ങൾ മറികടക്കാൻ വഴിയൊരുക്കുന്ന പഴയ നിയമത്തിലെ വ്യവസ്ഥകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ റിപ്പബ്ലിക്കൻ പ്രതിനിധി ഗ്ലെൻ ഗ്രോത്ത്മാനാണ് അവതരിപ്പിച്ചത്. സെനറ്റർ ജോൺ ഹസ്റ്റഡും സമാന ബിൽ സെനറ്റിൽ അവതരിപ്പിച്ചു.

നിലവിലെ നിയമപ്രകാരം, തൊഴിലാളികളിൽ എച്ച്-1ബി വിസക്കാരുടെ വിഹിതം നിശ്ചിത പരിധി കവിയുന്ന കമ്പനികൾ അധിക വിസകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അമേരിക്കൻ തൊഴിലാളികളെ നിയമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം. എന്നാൽ, എച്ച്-1ബി തൊഴിലാളിക്ക് വർഷം കുറഞ്ഞത് 60,000 ഡോളർ ശമ്പളം നൽകുകയോ ബിരുദാനന്തര ബിരുദമോ അതിനു മുകളിലുള്ള യോഗ്യതയോ ഉണ്ടാകുകയോ ചെയ്താൽ കമ്പനികൾക്ക് ഈ വ്യവസ്ഥയിൽനിന്ന് ഇളവ് ലഭിക്കും.

1998ൽ നിശ്ചയിച്ച 60,000 ഡോളർ ശമ്പളപരിധി പിന്നീട് പണപ്പെരുപ്പത്തിനനുസരിച്ച് പരിഷ്കരിച്ചിട്ടില്ല. അന്നത്തെ ദേശീയ ശരാശരി വേതനത്തിന്റെ ഇരട്ടിയായിരുന്നു ഈ തുക. നിലവിൽ യുഎസ് സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ ദേശീയ ശരാശരി വേതന സൂചിക ഏകദേശം 70,000 ഡോളറായതിനാൽ, പഴയ പരിധി പുതുക്കിയാൽ ഏകദേശം 1.40 ലക്ഷം ഡോളറാകുമെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ പറയുന്നു.

പുതിയ ബിൽ പ്രകാരം നിശ്ചിത 60,000 ഡോളർ പരിധിക്കു പകരം ദേശീയ ശരാശരി വേതന സൂചികയുടെ ഇരട്ടിയെ അടിസ്ഥാനമാക്കിയുള്ള ശമ്പളപരിധി കൊണ്ടുവരും. ഇതുവഴി വേതനവർധനയ്ക്കനുസരിച്ച് പരിധിയും മാറും. എന്നാൽ, ബിൽ ഇതുവരെ നിയമമായിട്ടില്ല. ഇത് പാസായാലും എല്ലാ എച്ച്-1ബി വിസക്കാർക്കും വർഷം 1.40 ലക്ഷം ഡോളർ ശമ്പളം നൽകണമെന്ന വ്യവസ്ഥ വരില്ല. നിലവിലെ നിയമത്തിലെ ശമ്പളപരിധി അടിസ്ഥാനമാക്കിയുള്ള ഇളവ് ലഭിക്കാൻ ആവശ്യമായ തുക ഉയർത്തുക മാത്രമാണ് നിർദേശത്തിന്റെ ലക്ഷ്യം.

‘American workers should come first in their own country’: Republicans bring new bill to make H-1B visa salary threshold $140,000

More Stories from this section

family-dental
witywide