
ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യെ പിടിച്ചുലച്ച മെമ്മറി കാർഡ് വിവാദത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി കുക്കൂ പരമേശ്വരന് അന്വേഷണ സമിതി ക്ലീൻ ചിറ്റ് നൽകി. 2018-ലെ മീ ടു വിവാദ കാലത്ത് വനിതാ അംഗങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാണാതായെന്ന പരാതിയിലാണ് സമിതി അന്വേഷണം നടത്തിയത്. എന്നാൽ, ഈ മെമ്മറി കാർഡ് കുക്കൂ പരമേശ്വരൻ അന്നത്തെ ഭാരവാഹിയായിരുന്ന അന്തരിച്ച നടി കെ.പി.എ.സി ലളിതയ്ക്ക് സുരക്ഷിതമായി കൈമാറിയിരുന്നു എന്നാണ് സമിതിയുടെ കണ്ടെത്തൽ. 2025-ലെ തിരഞ്ഞെടുപ്പ് വേളയിൽ മാത്രം പുറത്തുവന്ന ഈ വിവാദത്തിൽ, വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് സംഘടനയുടെ നിലവിലെ വിലയിരുത്തൽ.
സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേതാ മേനോനും ജോയി മാത്യുവും മാധ്യമങ്ങളെ കണ്ട് അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങൾ പങ്കുവെച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും അംഗങ്ങൾക്ക് വ്യക്തിപരമായി പരാതികളോ നിയമനടപടികളോ ആവശ്യമുണ്ടെങ്കിൽ അവർക്ക് സ്വന്തം നിലയിൽ മുന്നോട്ട് പോകാമെന്നും അതിൽ സംഘടന തടസ്സം നിൽക്കില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. വർഷങ്ങൾ പഴക്കമുള്ള ഈ വിഷയം തിരഞ്ഞെടുപ്പ് സമയത്ത് ഉയർന്നു വന്നതിലെ അസ്വാഭാവികതയും യോഗം ചർച്ച ചെയ്തു.
വാർത്താ സമ്മേളനത്തിനിടെ നടൻ ദിലീപിന്റെ അംഗത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഭാരവാഹികൾ മറുപടി നൽകി. ദിലീപ് നിലവിൽ സംഘടനയിൽ അംഗമല്ലെന്നും, അദ്ദേഹത്തിന് തിരിച്ചുവരാൻ താല്പര്യമുണ്ടെങ്കിൽ ആദ്യം അപേക്ഷ നൽകട്ടെ എന്നും അവർ വ്യക്തമാക്കി. അപേക്ഷ ലഭിച്ചാൽ മാത്രമേ അക്കാര്യത്തിൽ സംഘടനയ്ക്ക് തീരുമാനം എടുക്കാൻ കഴിയൂ എന്നും നേതൃത്വം കൂട്ടിച്ചേർത്തു.













