ഓസ്‌ട്രേലിയൻ മോഡൽ കടമെടുക്കാൻ ആന്ധ്രാപ്രദേശും; 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: സോഷ്യൽ മീഡിയ കുട്ടികളിൽ ചെലുത്തുന്ന ദോഷകരമായ സ്വാധീനം കണക്കിലെടുത്ത്, 16 വയസ്സിൽ താഴെയുള്ളവർക്ക് ഇത് നിരോധിക്കുന്നതിനെക്കുറിച്ച് ആന്ധ്രാപ്രദേശ് സർക്കാർ ഗൗരവമായി ആലോചിക്കുന്നു. ഓസ്‌ട്രേലിയ അടുത്തിടെ നടപ്പിലാക്കിയ നിയമത്തിന് സമാനമായ ഒരു മാതൃകയാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ പരിഗണിക്കുന്നത്.

16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ഓസ്‌ട്രേലിയ ലോകത്തിലെ തന്നെ ഏറ്റവും കർശനമായ നിയമം പാസാക്കിയിരുന്നു. കമ്പനികൾ ഇത് ലംഘിച്ചാൽ വൻതുക പിഴയായി നൽകേണ്ടി വരും. ഇതേ രീതിയിലാണ് ആന്ധ്രാപ്രദേശും ആലോചിക്കുന്നത്. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് ഓസ്‌ട്രേലിയ വിലക്കിയതിനെ കുറിച്ച് ആന്ധ്രാപ്രദേശ് പഠനം നടത്തിവരികയാണെന്ന് സാങ്കേതികവിദ്യയുടെയും മാനവ വിഭവശേഷിയുടെയും ചുമതലയുള്ള സംസ്ഥാന മന്ത്രി നാര ലോകേഷ് പറഞ്ഞു. ” ഒരു സംസ്ഥാനമെന്ന നിലയിൽ, ഓസ്‌ട്രേലിയയുടെ അണ്ടർ-16 നിയമം ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, അതെ, ശക്തമായ ഒരു നിയമനിർമ്മാണം നടത്തേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,” ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് അദ്ദേഹം ബ്ലൂംബെർഗ് ന്യൂസിനോട് പറഞ്ഞു. ഒരു നിശ്ചിത പ്രായത്തിൽ താഴെയുള്ള കുട്ടികൾ “അവർ എന്താണ് കാണുന്നതെന്ന് അവർക്ക് മനസ്സിലാകാത്തതിനാൽ” സോഷ്യൽ മീഡിയയിൽ ഉണ്ടാകരുതെന്ന് താൻ ശക്തമായി കരുതുന്നുവെന്ന് നാര ലോകേഷ് പറഞ്ഞു.

കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ, സൈബർ ബുള്ളിയിംഗ്, സോഷ്യൽ മീഡിയയോടുള്ള അമിതമായ അടിമത്തം എന്നിവ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം.
ഈ നിയമം എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ സൂചിപ്പിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രായം എങ്ങനെ കൃത്യമായി പരിശോധിക്കാം എന്നതിലായിരിക്കും പ്രധാന ശ്രദ്ധ. അതേസമയം, നിയമം കൊണ്ടുവരുന്നതിനൊപ്പം തന്നെ രക്ഷിതാക്കളിലും കുട്ടികളിലും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നടത്താനും സർക്കാർ ലക്ഷ്യമിടുന്നു. മാത്രമല്ല,  സ്കൂളുകളിലും കോളേജുകളിലും മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. വിദഗ്ധരുമായും രക്ഷിതാക്കളുമായും ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതിനായി പ്രത്യേക നിയമനിർമ്മാണം നടത്താനാണ് സാധ്യത. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും ഇത്തരമൊരു നീക്കത്തെ ഉറ്റുനോക്കുന്നുണ്ട്.

Andhra Pradesh moves to ban social media for children below 16 years.

More Stories from this section

family-dental
witywide