
ലണ്ടൻ: പൊതുജനസേവനത്തിലിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻസറിനെ (പ്രിൻസ് ആൻഡ്രൂ) അന്വേഷണ വിധേയമായി വിട്ടയച്ചു. അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ആൻഡ്രൂവിൻ്റെ ബന്ധത്തെക്കുറിച്ചും അതീവ രഹസ്യമായ വിവരങ്ങൾ ആൻഡ്രൂ പങ്കുവെച്ചു എന്ന പരാതികളെക്കുറിച്ചും അന്വേഷിക്കുന്ന കാര്യം പൊലീസ് നേരത്തെ പരിഗണിച്ചിരുന്നു. അമേരിക്കൻ സർക്കാർ പുറത്തുവിട്ട ഫയലുകളിൽ ഇവർ തമ്മിലുള്ള ആശയവിനിമയത്തിൻ്റെ വിവരങ്ങളും ഉൾപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാവിലെ നോർഫോക്കിൽ വെച്ച് പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ബെർക്ക്‌ഷെയറിലും നോർഫോക്കിലുമുള്ള വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തിവരികയാണെന്നും തേംസ് വാലി പൊലീസ് അറിയിച്ചിരുന്നു. വൈകുന്നേരം പുറത്തിറക്കിയ പുതുക്കിയ പ്രസ്താവനയിൽ, അറസ്റ്റ് ചെയ്ത വ്യക്തിയെ “അന്വേഷണ വിധേയമായി വിട്ടയച്ചതായി” തേംസ് വാലി പൊലീസ് സ്ഥിരീകരിച്ചു. നോർഫോക്കിലെ പരിശോധനകൾ പൂർത്തിയായതായും പൊലീസ് അറിയിച്ചു. എയിൽഷാം പൊലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങുമ്പോൾ വാഹനത്തിൻ്റെ പിൻസീറ്റിലിരിക്കുന്ന ആൻഡ്രൂവിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആധുനിക ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുതിർന്ന ബ്രിട്ടീഷ് രാജകുടുംബാംഗം അറസ്റ്റിലാകുന്നത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചതായി തേംസ് വാലി പൊലീസ് പറഞ്ഞു. ആൻഡ്രൂവിന്റെ അറസ്റ്റിനോട് പ്രതികരിച്ച ചാൾസ് രാജാവ്, “നിയമം അതിന്റെ വഴിക്ക് പോകട്ടെ” എന്നും പൊലീസ് അന്വേഷണത്തിന് തൻ്റെ “പൂർണ്ണവും ഹൃദയംഗമവുമായ പിന്തുണയും സഹകരണവും” ഉണ്ടെന്നും വ്യക്തമാക്കി.
2010-ൽ ആൻഡ്രൂവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ എപ്‌സ്റ്റീൻ മറ്റൊരു യുവതിയെ യുകെയിലേക്ക് അയച്ചു എന്ന പരാതിയും ഫെബ്രുവരിയിൽ പൊലീസ് പരിശോധിച്ചിരുന്നു. അന്ന് ഇരുപതുകളിൽ പ്രായമുണ്ടായിരുന്ന ഈ യുവതി വിദേശിയാണ്.
ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻസറെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തേംസ് വാലി പൊലീസ് ആഭ്യന്തര മന്ത്രാലയത്തെ മുൻകൂട്ടി വിവരം അറിയിച്ചിരുന്നു എന്നാണ് ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ 8 മണിക്ക് സാൻഡ്രിംഗ്ഹാമിൽ വെച്ചായിരുന്നു അറസ്റ്റ്. ഈ അറസ്റ്റ് ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Andrew Mountbatten-Windsor released under investigation after arrest















