യുഎസിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യു എസ് നീതിന്യായ വകുപ്പ് പുറത്തിറക്കിയ എപ്സ്റ്റീൻ ഫയലുകളിൽ ഇന്ത്യയിലെ വ്യവസായി അനിൽ അംബാനിയുടെ പേരും ഉൾപ്പെട്ടതായി റിപ്പോർട്ട്. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ അനിൽ അംബാനി ബന്ധം പുലർത്തിയിരുന്നതായാണ് റിപ്പോർട്ട്. ഇരുവരും തമ്മിൽ നിരന്തരം സന്ദേശങ്ങൾ കൈമാറിയിരുന്നതായും എപ്സ്റ്റീനെതിരേ ലൈംഗിക കുറ്റം ചുമത്തുന്നതിന് മാസങ്ങൾക്ക് മുൻപുവരെ ഇരുവരും സന്ദേശങ്ങൾ കൈമാറിയതായും ഈ സന്ദേശങ്ങളുടെ വിശദാംശങ്ങളാണ് എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകളിലുള്ളതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇരുവരും ലോകകാര്യങ്ങളും ബിസിനസ് കാര്യങ്ങളും സ്ത്രീ വിഷയങ്ങളും ഉൾപ്പെടെ ചർച്ചചെയ്തിരുന്നു. അനിൽ അംബാനിയും എപ്സ്റ്റീനും തമ്മിൽ നേരിട്ട് കാണാനും പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. അംബാനി കുടുംബത്തെക്കുറിച്ചുള്ള ഒട്ടേറെ പുസ്തകങ്ങൾ എപ്സ്റ്റീൻ വാങ്ങിയിരുന്നതായും റിപ്പോർട്ടിലുണ്ട്. സന്ദർശനം രസകരമാക്കാൻ ഉയരമുള്ള ഒരു സ്വീഡിഷ് സ്ത്രീയുണ്ടെന്ന് എപ്സ്റ്റീൻ അനിൽ അംബാനിയോട് പറയുന്ന സന്ദേശവും എപ്സ്റ്റീൻ ഫയൽസിലുണ്ട്. 20 സെക്കന്റിനുള്ളിൽ തന്നെ ഈ സന്ദേശത്തിന് അനിൽ അംബാനി മറുപടി നൽകി. ‘അത് ഏർപ്പാടാക്കൂ’ എന്നായിരുന്നു അനിൽ അംബാനിയുടെ മറുപടിയെന്നും എപ്സ്റ്റീൻ ഫയലുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ത്രീകളെക്കുറിച്ചുള്ള താത്പര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ, ഹോളിവുഡ് നടി സ്കാർലറ്റ് ജോഹാൻസണെക്കുറിച്ചും അനിൽ അംബാനി പരാമർശിച്ചിട്ടുണ്ട്. അക്കാലത്ത് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് എന്റർടൈൻമെന്റ് നിർമാണ പങ്കാളിയായ സിനിമയിൽ ജോഹാൻസൺ അഭിനയിച്ചിരുന്നു. പാരീസിൽവെച്ച് നേരിട്ടുകാണാൻ ഒരിക്കൽ എപ്സ്റ്റീനും അനിൽ അംബാനിയും ആലോചിച്ചിരുന്നു. എന്നാൽ, ആ കൂടിക്കാഴ്ച നടന്നില്ല. പിന്നീട് 2019-ൽ ന്യൂയോർക്കിലേക്ക് വരുന്നുണ്ടെന്ന് അനിൽ അംബാനി എപ്സ്റ്റീനെ അറിയിച്ചു. ഈ വേളയിൽ തന്നെ കാണാനായി എപ്സ്റ്റീൻ അനിൽ അംബാനിയെ ക്ഷണിക്കുകയും മാൻഹാട്ടനിലെ എപ്സ്റ്റീന്റെ വീട്ടിൽവെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നതായി അദ്ദേഹത്തിന്റെ സഹായികൾ സ്ഥിരീകരിച്ചതായും എപ്സ്റ്റീൻ ഫയൽസിലുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെക്കുറിച്ച് അനിൽ അംബാനിയോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അനിൽ അംബാനിയുടെ പ്രതിനിധിയോട് പ്രതികരണം തേടിയപ്പോൾ അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബർ 20 നാണ് എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ബില്ലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചത്. തുടർന്ന് വിവിധഘട്ടങ്ങളിലായി എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടുന്നത് തുടരുകയാണ്.
അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായിരുന്നു ജെഫ്രി എപ്സ്റ്റീൻ പെൺസുഹൃത്തിനൊപ്പം ചേർന്ന് നിരവധി പെൺകുട്ടികളെ തന്റെ സ്വകാര്യദ്വീപിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്തെന്നായിരുന്നു എപ്സ്റ്റീനെതിരായ കേസ്. ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ ലിയൊനാർഡോ ഡി കാപ്രിയോ, ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ്, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ദീർഘകാലം അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഡഗ് ബാൻഡ്, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ തുടങ്ങിയവരുടെ പേരുകൾ എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകളിലുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പല പ്രമുഖരും പെൺകുട്ടികളെ ദുരുപയോഗംചെയ്തെന്നാണ് പറയപ്പെടുന്നത്.
2006-ലാണ് ആദ്യമായി നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ എപ്സ്റ്റീൻ അറസ്റ്റിലായത്. തുടർന്ന് 2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 13 മാസത്തോളം ഇയാൾ തടവിൽ കഴിഞ്ഞു. പിന്നീട് 2019 ജൂലായിൽ എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ എപ്സ്റ്റീന്റെ പെൺസുഹൃത്തായ മാക്സ് വെല്ലിനെ കോടതി 20 വർഷം തടവിനാണ് ശിക്ഷിച്ചത്.
Anil Ambani in the Epstein files?; The two constantly exchanged messages, including world affairs, business affairs, and women’s issues















